ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍ വെച്ചായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കുന്നതുവരെ നിലവിലുള്ള സമര കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് അവര്‍ പറഞ്ഞു. ട്രാക്ടര്‍ ട്രോളിയില്‍ എത്താന്‍ കഴിയാത്ത വിദൂര സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ട്രെയിനുകളിലും മറ്റ് ഗതാഗത മാര്‍ഗങ്ങളിലും ഡല്‍ഹിയിലേക്ക് പോകണം.
ട്രാക്ടര്‍ ട്രോളികളില്ലാതെ പോകുന്ന കര്‍ഷകരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടോ എന്നതും അതോടെ വ്യക്തമാകും. ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരും എന്ന് പന്ദേര്‍ പറഞ്ഞു. പഞ്ചാബിലെ പഞ്ചായത്തുകളും കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കണമെന്നും തങ്ങളുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് തടയാന്‍ കേന്ദ്രം എല്ലാ തന്ത്രങ്ങളും ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പ്രക്ഷോഭം പഞ്ചാബില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും പോരാട്ടം നയിക്കുന്നത് രണ്ട് വേദികളാണെന്നുമുള്ള ധാരണ വളര്‍ത്തിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പക്ഷേ, രാജ്യത്തെ 200-ലധികം സംഘടനകള്‍ രണ്ട് ഫോറങ്ങളുടെ ഭാഗമാണെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുമ്പോള്‍ പ്രക്ഷോഭം ഇല്ലാതാകുമെന്ന ധാരണ ശരിയല്ല. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരും എന്നും കര്‍ഷക നേതാവ് പറഞ്ഞു. മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനല്‍കുന്ന ഒരു നിയമം, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
പ്രക്ഷോഭം സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ തങ്ങുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം സമരമുറകള്‍ കടുപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കര്‍ഷകര്‍ അറിയിച്ചു.