25 in Thiruvananthapuram

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പൗരത്വ നിയമം നടപ്പാക്കും? രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തയ്യാര്‍

7 months ago
TV Next
83

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൗരത്വ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

പൗരത്വ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും 9 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും പരിശോധനകള്‍ക്ക് ശേഷം പൗരത്വം നല്‍കാനുള്ള അധികാരം നല്‍കിയിരുന്നു. എന്നാല്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുന്നത് എന്നാണ് വിവരം. മതപരമായ പീഡനങ്ങളെ തുടര്‍ന്ന് ബംഗ്ലദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിന്‍, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. നമ്മുടെ മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിന് ശേഷം ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് സിഎഎ ഉദ്ദേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. 2019 ഡിസംബര്‍ 11 ന് ആണ് പൗരത്വം നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ ഇതിന്റെ ചട്ടക്കൂടുകള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നത് അനന്തമായി നീളുകയായിരുന്നു. പൗരത്വ നിയമം രാജ്യമെമ്പാടും തീവ്രമായ ചര്‍ച്ചകള്‍ക്കും വ്യാപക പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നിരവധി സമരങ്ങളും അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധ സമ്മേളനങ്ങളും നടന്നു.

പൗരത്വം നല്‍കുന്നതിനായി മതം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. അതേസമയം പാര്‍ലമെന്റില്‍ പാസായി നാല് വര്‍ഷം കഴിഞ്ഞിട്ടും, നിയമങ്ങളും നടപടിക്രമങ്ങളും അന്തിമമാക്കേണ്ടതിനാല്‍ സിഎഎ നടപ്പാക്കിയില്ല. നേരത്തെ അവതരിപ്പിച്ച എന്‍ ആര്‍ സി, എന്‍ പി ആര്‍ എന്നിവ പ്രതിഷേധം കണക്കിലെടുത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Leave a Reply