21 in Thiruvananthapuram

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പാര്‍ട്ടിവിട്ടു, ബിജെപിയിലേക്ക്?

Posted by: TV Next February 12, 2024 No Comments

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നാളായി അതൃപ്തനാണ് അശോക് ചവാന്‍. വരും ദിവസം തന്നെ അശോക് ചവാന്‍ പാര്‍ട്ടി ബി ജെ പിയില്‍ ചേരാനാണ് സാധ്യത.

തിങ്കളാഴ്ച മുംബൈയില്‍ വെച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായി ചവാന്‍ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധി നേതാക്കള്‍ ബി ജെ പിയുടെ മുംബൈ പ്രദേശ് ഓഫീസില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസുമായുള്ള 48 വര്‍ഷത്തെ ബന്ധം തകര്‍ത്ത് മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് ശനിയാഴ്ച അജിത് പവാറിന്റെ എന്‍ സി പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.

അശോക് ചവാന് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭോക്കര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചവാന്റെ കൂറുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളുമായുള്ള ചവാന്റെ അഭിപ്രായവ്യത്യാസങ്ങളായിരിക്കാം കൂറുമാറ്റത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്റെ മകനാണ് അശോക് ചവാന്‍. സംസ്ഥാനത്തെ നന്ദേഡ് മേഖലയില്‍ കാര്യമായ സ്വാധീനമുള്ള നേതാവാണ് അശോക് ചവാന്‍. അതേസമയം ചവാന്റെ രാജി വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. അശോക് ചവാനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് കേട്ടത് എന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. ‘കോണ്‍ഗ്രസില്‍ നിന്നുള്ള നിരവധി നല്ല നേതാക്കള്‍ ബി ജെ പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനുള്ളത്. ജനങ്ങളുമായി ബന്ധമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുകയാണ്. ചില വലിയ മുഖങ്ങള്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു,’ ദേവേന്ദ്ര ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. 2008 ഡിസംബറില്‍ വിലാസ് റാവു ദേശ്മുഖിന്റെ പിന്‍ഗാമിയായാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.

എന്നാല്‍ ആദര്‍ശ് ഭവന കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ 2010 നവംബറില്‍ രാജി വെച്ചു. 2014 മുതല്‍ 2019 വരെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എം പി സി സി) പ്രസിഡന്റായിരുന്നു അശോക് ചവാന്‍.