26 in Thiruvananthapuram

കെഎസ്ആർടിസിയിൽ പരിഷ്‌കാരങ്ങളുമായി ഗണേഷ് കുമാർ; ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ ഇങ്ങനെ…

Posted by: TV Next January 6, 2024 No Comments

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഴിച്ചുപണിയുമായി മന്ത്രി ഗണേഷ് കുമാർ. കോർപറേഷനിൽ ചെലവ് ചുരുക്കൽ നടപടി നടപ്പാക്കാനാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം. ഇനി മുതൽ സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. ഡ്രൈവർ-കണ്ടക്ടർ തസ്തികകളിലായിരിക്കും ഇനി കൂടുതൽ നിയമനം നടക്കുക. മിനിസ്‌റ്റീരിയൽ സ്‌റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്.


ഒരാഴ്‌ചക്കുള്ളിൽ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് മന്ത്രി ഗണേഷ് കുമാർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വസതിയിലും യോഗം ചേർന്നിരുന്നു.

നേരത്തെ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും, ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനായി തൊഴിലാളികളും അവരുടെ യൂണിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.

ഓട്ടോ മൊബൈല്‍ കാര്യങ്ങളില്‍ താൽപര്യമുള്ള വ്യക്തിയായതിനാല്‍ തന്നെ പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും ഒന്നും വെച്ച് താമസിപ്പിക്കില്ലെന്നും പത്തനാപുരം എംഎൽഎ കൂടിയായ ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. രണ്ടരവര്‍ഷമാണ് ഇനി ബാക്കിയുള്ളത്. അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്‌ത്‌ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കും. കാര്യങ്ങൾ പഠിക്കാന്‍ ഒരാഴ്‌ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ളവ ഉടൻ നടപ്പാക്കുമെന്നും അധികാരമേറ്റയുടൻ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മന്ത്രി കൂടുതൽ തീരുമാനങ്ങളുമായി രംഗത്ത് വരുന്നത്.


ഡിസംബർ 29 വൈകീട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് കേരള കോൺഗ്രസ് ബി നേതാവായ കെബി ഗണേഷ്‌ കുമാറും, കോൺഗ്രസ് എസ് നേതാവായ കടന്നപ്പള്ളി രാമചന്ദ്രനും ഇടതുപക്ഷ സർക്കാരിൽ അംഗങ്ങളായത്. ഇരുവരും മന്ത്രിയാവുന്നത് ആദ്യമായല്ല. ആന്റണി രാജു കൈകാര്യം ചെയ്‌തിരുന്ന ഗതാഗത വകുപ്പ് ആയിരുന്നു ഗണേഷ് കുമാറിന് അനുവദിച്ചത്. ഗണേഷ് കുമാർ സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. നിലവിൽ സിപിഎം ആണ് ഇത് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്, സജി ചെറിയാനാണ് ഇതിന്റെ ചുമതല. അതേസമയം, അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്‌തിരുന്നവയിൽ തുറമുഖ വകുപ്പിന്റെ ചുമതല കടന്നപ്പള്ളിക്ക് നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. വിഎൻ വാസവനാണ് വകുപ്പിന്റെ അധിക ചുമതല.