28 in Thiruvananthapuram

ന്യായ് യാത്ര യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എംഎൽഎമാർ; ബിഹാറിൽ കോൺഗ്രസിനും ആശങ്ക

Posted by: TV Next January 28, 2024 No Comments

പാട്ന: ബിഹാറിൽ കോൺഗ്രസിന്റെ ന്യായ് യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എം എൽ എമാർ. യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പൂണിയയിൽ നടന്ന യോഗത്തിൽ ആകെയുള്ള 19 എം എൽ എമാരിൽ 10 പേർ മാത്രമാണ് എത്തിയത്. എന്നാൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ അഭ്യൂഹങ്ങൾ തള്ളി. യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയവരുടെ യോഗമാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

 

നിയമസഭാ കക്ഷി യോഗമായിരുന്നില്ല നടന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ വിലയിരുത്തലുകൾ ആവശ്യമില്ല’, ഷക്കീർ പറഞ്ഞു. കോൺഗ്രസ് നിയമസഭാംഗങ്ങളുടെ യോഗം ഞായറാഴ്ച നടക്കുമെന്നും 19 എംഎൽഎമാരും പങ്കെടുക്കുമെന്നും ഖാൻ പറഞ്ഞു. രാഹുലിൻ്റെ യാത്ര തിങ്കളാഴ്ചയാണ് കിഷൻഗഞ്ച് വഴി ബിഹാറിലേക്ക് പ്രവേശിക്കുക. അടുത്ത ദിവസം പൂർണിയയിൽ റാലിയിൽ നേതാക്കൾ അണിനിരക്കുമെന്നും ഖാൻ വ്യക്തമാക്കി.

അതേസമയം ബിഹാറിൽ രാഷ്ട്രീയ നാടകങ്ങൾക്കിടയിലുള്ള എംഎൽഎമാരുടെ വിട്ടുനിൽക്കൽ പാർട്ടിയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കോൺഗ്രസിലെ 10 ഓളം എം എൽ എമാർ നിതീഷുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ എം എൽ എമാരുടെ അസാന്നിധ്യം ചർച്ചയായിരിക്കുന്നത്.


ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്ത് നിന്നുള്ള കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ബി ജെ പി നടത്തുന്നുണ്ട്. ദേശീയ നേതൃത്വം ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാൽ ചടങ്ങുകൾ എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവിലുള്ള ധാരണ പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രി.സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത.

ബി ജെ പിയെ എതിർക്കാൻ ഇന്ത്യ സഖ്യം രൂപീകരിച്ചതിന് പിന്നിലെ തുടക്കക്കാരിൽ ഒരാളായിരുന്നു നിതീഷ് കുമാർ അതുകൊണ്ട് തന്നെ എൻ ഡി എയുമായി കൈകോർക്കാനുള്ള നിതീഷിന്റെ നീക്കം സഖ്യത്തിന് വലിയ തിരിച്ചടിയായേക്കും. എന്നാൽ നിതീഷ് പോയാലും സഖ്യത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ബി ജെ പിക്കെതിരെ തങ്ങൾ ഒറ്റക്കെട്ടായി നീങ്ങുമെന്നും കോൺഗ്രസ് അടക്കമുള്ള കക്ഷികൾ പ്രതികരിച്ചു.