25 in Thiruvananthapuram

യുഎഇ: വിമാനടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞു, പക്ഷെ മലയാളികള്‍ക്ക് വലിയ ആശ്വാസമില്ല, നേട്ടം അവർക്ക്

10 months ago
TV Next
101

അവധി സീസണുകള്‍ കഴിഞ്ഞതോടെ യുഎഇയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവ്. ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈ സെക്ടറിലുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റംസാന്‍ ഘട്ടത്തിൽ പതിവ് പോലെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.


യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്കുകൾ റംസാന്‍ സമയത്ത് ഗണ്യമായി വർദ്ധിക്കും. ചെറിയ പെരുന്നാളിന് ശേഷവും ഏതാനും ആഴ്ചകള്‍ കൂടി ഇത് തുടരും. എന്നാൽ ഇന്ത്യയിലേക്കുള്ള യാത്രാ പദ്ധതികളുള്ളവർക്ക് ഫെബ്രുവരിയിലും മാർച്ചിന്റെ നല്ലൊരു ഭാഗവും കുറഞ്ഞ നിരക്കുകൾ പൂർണമായും ഉപയോഗിക്കാനാകുമെന്ന് ഇക്വറ്റോർ ട്രാവൽ മാനേജ്‌മെന്റ് ഡയറക്ടർ സുരേന്ദ്രനാഥ് മേനോൻ പറയുന്നു.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കും, ജോലി ആവശ്യങ്ങൾക്കോ ​​ബിസിനസ്സിനോ അല്ലെങ്കിൽ വിനോദ സഞ്ചാരത്തിനോ വരുന്നവർക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇന്ത്യ-യുഎഇ മേഖലയിൽ വിമാനക്കമ്പനികള്‍ കൂടുതൽ സർവ്വീസ് പ്രഖ്യാപിച്ചതും ഗുണകരമായി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികൾക്ക് അനുവദിക്കുന്ന ഓരോ അധിക സീറ്റിനും തങ്ങളുടെ എയർലൈനുകൾക്ക് നാല് സീറ്റുകളുടെ അനുപാതം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.


നിലവിലുള്ള യുഎഇ-ഇന്ത്യ വിമാന കരാറുകൾ ദുബായിയെ 15-ലധികം ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 66,000 പ്രതിവാര സീറ്റുകളിലാണ് സർവ്വീസ് തുടരുന്നത്. മുംബൈ – ദുബായ് ഇക്കണോമി റിട്ടേൺ നിരക്ക് 2024 ജനുവരിയിൽ ശരാശരി 1,143 ദിർഹത്തിൽ നിന്ന് 931 ദിർഹമായി കുറഞ്ഞിട്ടുണ്ട്. ന്യൂഡൽഹിയിലേക്കുള്ള നിരക്കിലും സമാനമായ കുറവുണ്ട്. അതേസമയം, തിരക്കേറിയ ദക്ഷിണേന്ത്യൻ സെക്ടറിലെ നിരക്ക് ജനുവരി മുതൽ മാർച്ച് വരെ 1,000 ദിർഹത്തിന് മുകളിലാണ്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക് ശരാശരി 1355- 1422 ദിർഹമായി തുടരുകയാണ്.

 

അതായത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ കുറവുകള്‍ വരുത്താന്‍ വിമാനകമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചെന്നൈ ടിക്കറ്റ് നിരക്ക് 2024 ജനുവരിക്ക് ശേഷം 931 ദിർഹമായും ഫെബ്രുവരി 15ന് ശേഷം 854 ദിർഹമായും കുറയുന്നുണ്ട്. നേരത്തെ തിരക്ക് വർധിച്ചപ്പോള്‍ കേരളത്തില്‍ നിന്നും വലിയ ടിക്കറ്റ് വർധനവായിരുന്നു കമ്പനികള്‍ വരുത്തിയത്. സെപ്റ്റംബറില്‍ എമറൈറ്റ്‌സില്‍ 72143 രൂപ, ഇത്തിഹാദ് 70426 രൂപ എന്നിങ്ങനെയായിരുന്നു കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് പോകുമ്പോള്‍ നല്‍കേണ്ട ടിക്കറ്റ് നിരക്ക്. എയയര്‍ ഇന്ത്യ മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് 24979 രൂപയാണ് ഈടാക്കിയപ്പോള്‍ കേരളത്തില്‍ നിന്നും ദുബായിലേക്ക് ഇതേ കമ്പനി 47662 രൂപയും ഇടാക്കിയിരുന്നു.

Leave a Reply