Published: Sunday, December 31, 2023
തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ എസ്‍യു7നുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷവോമി ഇപ്പോൾ. കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ വിഭാഗമായ ഷവോമി ഇവിയാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആഗോള തലത്തിൽ തന്നെ മുൻനിര ഇലക്ട്രിക് കാറുകൾക്ക് എതിരെ മത്സരിക്കാനായാണ് കമ്പനി ഇതിനെ രംഗത്തിറക്കുന്നത്.
ടെസ്‌ല മോഡൽ എസ് പോലുള്ള പ്രമുഖ ഇലക്ട്രിക് വാഹനങ്ങളുടെ രൂപ ഭംഗിയോടും പ്രകടനത്തിനോടും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന നിലയിലാണ് വാഹനം കമ്പനി ഒരുക്കിയതെന്നാണ് ഷവോമി അധികൃതരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. ഈ ഇലക്ട്രിക് വാഹനത്തിന്റെ നിർമ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ചൈനീസ് കാർ നിർമ്മാതാക്കളായ ബിഎഐസി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
ഷവോമി എസ്‍യു7 പോർഷെ ടെയ്‌കാനിനെ അനുസ്‌മരിപ്പിക്കുന്ന ഒരു സ്‌പോർട്ടി ഡിസൈനുമായാണ് എത്തുന്നത്. ഇലക്ട്രിക് വാഹന നിർമ്മാതാവ് പുറത്തിറക്കിയ ദൃശ്യങ്ങൾ എസ്‍യു7നെ ഒരു ആഡംബര സ്‌പോർട്‌സ് കാറായാണ് അടയാളപ്പെടുത്തുന്നത്. അക്വാ ബ്ലൂ എക്സ്റ്റീരിയർ കളർ തീം അതിന്റെ ഭംഗി വര്ധിപ്പിക്കുന്നു, സ്‌റ്റൈലിഷ് അലോയ് വീലുകളും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ഡോറുകളുള്ള ഒരു ഇലക്ട്രിക് സെഡാനായ ഷവോമി എസ്‍യു7ന് 4,997 എംഎം നീളവും 1963 എംഎം വീതിയും 1455 എംഎം വരെ ഉയരവുമുണ്ട്. 3000 എംഎം വീൽബേസാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഷവോമി രണ്ട് കോൺഫിഗറേഷനുകളിൽ വാഹനം വാഗ്‌ദാനം ചെയ്യുന്നു, ഇതിന് പുറമെ പവർ സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഒന്നിലധികം പതിപ്പുകൾ മോഡലിൽ ഉൾപ്പെടുത്തും.
പവറിന്റെ കാര്യത്തിൽ, ഷവോമി എസ്‍യു 7ന്റെ അടിസ്ഥാന മോഡലിന് 73.6 kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കും. അതേസമയം പ്രീമിയം വേരിയന്റിൽ 101 kWh ബാറ്ററി പാക്ക് ആയിരിക്കും ഉൾപ്പെടുത്തുക. ഇതിനായി ഷവോമി സ്വന്തം സിടിബി (സെൽ-ടു-ബോഡി) സാങ്കേതികവിദ്യ നവീകരിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ഒറ്റ ചാർജിൽ വാഹനം 800 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനങ്ങളുടെ പ്രകടന നിലവാരവുമായി കിടപിടിക്കുന്ന രീതിയിലാണ് ഷവോമി എസ്‌യുവി ഇലക്ട്രിക് സെഡാൻ സജ്ജീകരിച്ചിരിക്കുന്നത്. എസ്‍യു7ന്റെ താഴ്ന്ന വേരിയന്റുകൾക്ക് മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയും ഉയർന്ന വേരിയന്റുകൾക്ക് 265 കിലോമീറ്റർ വേഗതയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.