ഗാസയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഉത്തരവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ഗാസ മുനമ്പിൽ “ഉടനടി ശക്തമായ ആക്രമണങ്ങൾ” നടത്താൻ നെതന്യാഹു ഉത്തരവിട്ടത്. തെക്കൻ ഗാസയിൽ ഹമാസ് വെടിവയ്പ്പ് നടത്തിയെന്നും, മുമ്പ് തിരിച്ചുകിട്ടിയ ബന്ദിയുടെ അവശിഷ്ടങ്ങൾ വീണ്ടും കൈമാറിയെന്നുമുള്ള ആരോപണങ്ങളാണ് സംഘർഷം രൂക്ഷമാക്കിയത്. നെതന്യാഹുവിന്റെ ഉത്തരവിന് മിനിറ്റുകൾക്കകം, ചൊവാഴ്ച വൈകീട്ട് നിശ്ചയിച്ച മറ്റൊരു ബന്ദി മൃതദേഹം കൈമാറൽ ഹമാസ് മാറ്റിവച്ചതായും റിപ്പോർട്ടുകള്‍ കൈമാറുന്നു.
ഇസ്രായേൽ സുരക്ഷാ മന്ത്രിമാരുമായുള്ള അടിയന്തര സമ്മേളനത്തിന് ശേഷമാണ് നെതന്യാഹു ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. “സുരക്ഷാ ചർച്ചകൾക്ക് ശേഷം, പ്രധാനമന്ത്രി സൈനിക നേതൃത്വത്തിന് ഗാസ സ്ട്രിപ്പിൽ അടിയന്തരമായ ശക്തമായ ആക്രമണങ്ങൾ നടത്താൻ നിർദേശിച്ചു.” യുഎസിനെ അറിയിച്ചതായി ഇസ്രായേൽ പറയുന്നു. ഇനി 13 മൃതദേഹങ്ങൾ കൂടി ഹമാസ് കൈമാറാനുണ്ടെന്നാണ് വിവരം. തിരച്ചിലിനായി ആവശ്യമായ ഭാരം കൂടിയ യന്ത്രോപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ, കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയുന്നില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന ഗുരുതരമായ ആരോപണമാണ് ഇസ്രായേൽ ആരോപിക്കുന്നത്. തങ്ങളുടെ കസ്റ്റഡിയിലുള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു. ഇതോടെയാണ് ഗാസയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രായേല്‍ ഉത്തരവിട്ടത്.എന്നാല്‍ ഇസ്രായേല്‍ നടത്തുന്ന അവകാശവാദങ്ങള്‍ പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രായേൽ ബോബംബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിചെന്നും ഹമാസ് വ്യക്തമാക്കിയതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലേക്കുള്ള മാനുഷിക സഹായം നിർത്തിവെക്കുക, പ്രദേശത്തെ സൈനിക നിയന്ത്രണം ശക്തമാക്കുക, ഹമാസ് നേതാക്കളെ
ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളാണ് പരിഗണനയിലുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒക്ടോബർ 10-ന് ഇരു കക്ഷികളും വെടിനിർത്തല്‍ കരാറില്‍ എത്തിയിരുന്നു. കരാർ പ്രകാരം ഹമാസ് 28 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കണം, പകരമായി 100-ത്തിലധികം പലസ്തീൻ ബന്ദികളെ മോചിപ്പിക്കണം. ഗാസയില്‍ മാനുഷിക സഹായം അനുവദിക്കുകയും, ഹമാസിന്റെ അധികാരം പരിമിതപ്പെടുത്തുകയും ചെയ്യണമെന്നും കരാറില്‍ പറയുന്നു.
