29 in Thiruvananthapuram

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് മോദി ഉറപ്പ് നല്‍കി? അടുത്ത വിവാദത്തിന് തിരി കൊളുത്തി ട്രംപ്

Posted by: TV Next October 16, 2025 No Comments

വാഷിങ്ടണ്‍: ഇന്ത്യയ്ക്കു നേരെ വീണ്ടും വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്ത് ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. നയതന്ത്ര തലത്തിലും ഇന്ത്യയും റഷ്യയും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. ഈ സൗഹൃദമാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു വലിയ വിവാദത്തിനുള്ള തിരിയാണ് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് കൊളുത്തിയിരിക്കുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി തന്നോടു പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ഈ മാറ്റം പെട്ടെന്ന് സംഭവിക്കില്ലെങ്കിലും ചെറിയ കാലയളവിനുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചത്തെ ഒരു സ്വകാര്യ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി മോദി ഈ ഉറപ്പ് നല്‍കിയതെന്നും ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. അവിടെ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതൊരു വലിയ ചുവടുവയ്പ്പാണ്. ഇപ്പോള്‍ ചൈനയോടും ഇതേ കാര്യം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് – ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയതിന് ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വരുന്നത്. അതേസമയം, ട്രംപിന്റെ ഈ വിവാദ പ്രസ്താവനയില്‍ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നാണ് രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്.

റഷ്യന്‍ എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ സമ്മര്‍ദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ദേശീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് തുടരുമെന്നും നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്.റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള താരിഫ് 50 ശതമാനമായി വര്‍ധിപ്പിച്ചതോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചതോടെ നയതന്ത്ര ബന്ധം കൂടുതല്‍ മോശമായി.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞതിനെത്തുടര്‍ന്ന്, ഇന്ന് രാവിലെ എണ്ണവില ഒരു ശതമാനത്തോളം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 57 സെന്റ് (0.9%) വര്‍ധിച്ച് ബാരലിന് 62.48 ഡോളറിലെത്തി.വിവാദ പ്രസ്താവനയ്ക്കിടെ മോദിയെ പുകഴ്ത്താനും ട്രംപ് മറന്നില്ല. മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയിലുണ്ടായ രാഷ്ട്രീയ സ്ഥിരതയെ ട്രംപ് പ്രശംസിച്ചു. വര്‍ഷങ്ങളായി ഇന്ത്യയെ താന്‍ നിരീക്ഷിക്കുണ്ടെന്നും നേരത്തെ എല്ലാ വര്‍ഷവും പുതിയ നേതാക്കള്‍ അധികാരത്തില്‍ വന്ന ഒരു സമയം ഓര്‍ക്കുന്നുണ്ടെന്നും ചിലര്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അധികാരത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി വന്ന ശേഷമാണ് ഇന്ത്യയില്‍ അധികാര സ്ഥിരത ഉണ്ടായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ യുക്രൈന്‍ സംഘര്‍ഷം ലഘൂകരിക്കാമെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് ആവര്‍ത്തിച്ചു.