ന്യൂഡല്‍ഹി: ഗാസ സമാധാന പദ്ധതിക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അത് അംഗീകരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ ട്രംപിനെ അഭിനന്ദനം അറിയിച്ചതായി മോദി സമൂഹ മാധ്യമമായ എക്‌സില്‍ അറിയിച്ചു. ഇരുവരെയും ‘എന്റെ സുഹൃത്ത്’ എന്നാണ് മോദി വിശേഷിപ്പിച്ചത്.
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയില്‍ കൈവരിച്ച പുരോഗതിയുടെ പേരിലാണ് നെതന്യാഹുവിനെ അഭിനന്ദിച്ചത്. ബന്ദികളെ മോചിപ്പിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മാനുഷിക സഹായം നല്‍കാനുമുള്ള കരാറിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ലോകത്തിലെവിടെയായാലും ഏതു രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദം അംഗീകരിക്കാനാവില്ലെന്നും മോദി എക്‌സില്‍ കുറിച്ചു
എന്റെ സൃഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചതായും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചതായും മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുകയും വരും ആഴ്ചകളില്‍ അടുത്ത നയതന്ത്ര ബന്ധം തുടരാന്‍ തീരുമാനിച്ചതായും മോദി അറിയിച്ചു.
സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും അംഗീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്. ഗാസയിലെ ശത്രുത അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് സമാധാന കരാര്‍. ഈജിപ്റ്റില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപുമായുള്ള മോദിയുടെ സംഭാഷണം നയതന്ത്ര തലത്തില്‍ ഏറെ നിര്‍ണായകമാണ്. അധിക താരിഫ് ചുമത്തിയ തര്‍ക്കത്തെ തുടര്‍ന്ന് അമേരിക്കയും ഇന്ത്യയും തമ്മിലുണ്ടായ ഭിന്നത അകറ്റാനും വ്യാപാര ചര്‍ച്ചകള്‍ തടസമില്ലാതെ കൊണ്ടുപോകാനും ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വരും ദിവസങ്ങളില്‍ ഹമാസ് 20 ബന്ദികളെ മോചിപ്പിക്കും. അതിനു പകരം ഇസ്രായേല്‍ പലസ്തീന്‍ തടവുകാരെ തിരികെ നല്‍കും. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങാനും തുടങ്ങും.ഒരു മാസത്തിനുള്ളില്‍ മോദിയും ട്രംപും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ ഫോണ്‍ സംഭാഷണമാണിത്. സെപ്റ്റംബര്‍ 17 ന് ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ച് എഴുപത്തിയഞ്ചാം ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് ഭരണകൂടം 50% തീരുവ ചുമത്തി. ഇതേതുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ തുടര്‍ച്ചയായി ഉലച്ചില്‍ നേരിട്ടിരുന്നു
ഗസ്റ്റ് അവസാനം താരിഫുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് ട്രംപ് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും യുഎസും തമ്മിലുള്ള ഭിന്നത കൂട്ടി. കഴിഞ്ഞ മാസം, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയിരുന്നു.വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും സമീപ ദിവസങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്തിയത് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.