കെയ്‌റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി, അമേരിക്കയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമാധാന പദ്ധതിയെക്കുറിച്ച് ഇസ്രായേൽ, ഹമാസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചു. ഈജിപ്‌തിലെ കെയ്‌റോയിൽ ഒരു റിസോർട്ടിൽ വച്ചാണ് അതീവ രഹസ്യമായി ചർച്ചകൾ തുടങ്ങിയത്. നിരവധി പേരുടെ മരണത്തിനും വ്യാപക നാശനഷ്‌ടങ്ങൾക്കും വഴിയൊരുക്കിയ ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന് രണ്ട് വർഷം തികയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നടപടി.
കഴിഞ്ഞയാഴ്‌ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഈ പദ്ധതിയെക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ നിരായുധീകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇത് ഇസ്രായേലിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഗാസയുടെ ഭാവി ഭരണം എങ്ങനെയായിരിക്കുമെന്നും ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനമാകൂ.
ഗാസയെക്കുറിച്ചുള്ള ഒരു കരാർ മധ്യപൂർവേഷ്യൻ സമാധാന പ്രക്രിയക്ക് വഴിയൊരുക്കുമെന്നും മേഖലയെ പുനർരൂപീകരിക്കാൻ സഹായിക്കുമെന്നും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ട്രംപിന്റെ നിർദേശം അവഗണിച്ച് ഇസ്രായേൽ സൈന്യം ഗാസയിൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ചർച്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 19 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, ചെങ്കടൽ തീരത്തെ ഷർം എൽ-ഷെയ്ഖ് റിസോർട്ടിൽ തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് ചർച്ചകൾ ആരംഭിച്ചതായി പേരുവെളിപ്പെടുത്താത്ത ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ച ആരംഭിച്ചുവെന്ന് വിവരം ലഭിച്ചെങ്കിലും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉന്നതതല ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് റോൺ ഡെർമറാണ്. മറുവശത്ത് ഹമാസ് പ്രതിനിധി സംഘത്തെ ഖലീൽ അൽ-ഹയ്യയാണ് നയിക്കുന്നത്. ഇസ്രായേലിനെ പ്രതിനിധീകരിച്ച് വിദേശകാര്യ ഉപദേഷ്‌ടാവ് ഒഫിർ ഫാൾക്ക് ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഡെർമർ എത്തിച്ചേർന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അറബ് മധ്യസ്ഥരും ഹമാസ് പ്രതിനിധി സംഘവും തമ്മിലുള്ള കൂടിക്കാഴ്‌ചയോടെയാണ് ചർച്ച ആരംഭിച്ചതെന്ന് ഈജിപ്‌തിലെ സർക്കാർ ഉടമസ്ഥതയിലുള്ള അൽ-ഖഹേര ന്യൂസ് ടെലിവിഷൻ സ്‌റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഈ മധ്യസ്ഥർ ഇസ്രായേൽ പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് മാധ്യമം അറിയിച്ചു. ശേഷം ഈജിപ്‌ത്, ഖത്തർ മധ്യസ്ഥർ ഇരു കക്ഷികളുമായുള്ള കൂടിക്കാഴ്‌ചകളുടെ ഫലം ചർച്ച ചെയ്യും. ഇതിന് ശേഷമാവും യുഎസ് പ്രതിനിധിയുമായുള്ള കൂടിക്കാഴ്‌ച നടക്കുക. സ്‌റ്റീവ് വിറ്റ്‌കോഫ് ആയിരിക്കും യുഎസിനെ പ്രതിനിധീകരിച്ച് ചർച്ചയുടെ ഭാഗമാവുക. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഈജിപ്‌തിലെ സർക്കാർ ഉടമസ്ഥതയിലുള്ള അൽ-അഹ്‌റാമിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രഖ്യാപിച്ച പദ്ധതിയിലെ ചില നിബന്ധനകൾ ഹമാസ് അംഗീകരിച്ചതിനു ശേഷമാണ് സമാധാനത്തിനായുള്ള ഈ പുതിയ നീക്കം. ഇസ്രായേലും ഇതിനെ പിന്തുണച്ചതായി പറയപ്പെടുന്നു. പദ്ധതി പ്രകാരം, ഹമാസ് ബാക്കിയുള്ള 48 ബന്ദികളെ – അവരിൽ ഏകദേശം 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു – മൂന്ന് ദിവസത്തിനുള്ളിൽ മോചിപ്പിക്കും. ശേഷം ഹമാസ് അധികാരം ഉപേക്ഷിക്കുകയും നിരായുധീകരിക്കുകയും ചെയ്യും. ഈ കാര്യങ്ങളിലാണ് ഇനി വ്യക്തത വരാനുള്ളത്. അതിനിടെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന കനത്ത ബോംബാക്രമണം അവസാനിപ്പിച്ചാൽ മാത്രമേ ബന്ദികളെ മോചിപ്പിക്കാനാവൂ എന്നാണ് അമേരിക്ക അറിയിച്ചത്. ഇതിന് പിന്നാലെ ട്രംപിന്റെ ആഹ്വാനത്തിന് വലിയതോതിൽ ചെവികൊടുക്കുന്നുണ്ടെന്ന് ഇസ്രായേൽ പറഞ്ഞെങ്കിലും ആക്രമണം തുടരുന്നുണ്ടെന്നാണ് ഹമാസ് ആരോപിക്കുന്നത്.