തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം നേടിയത് ആരെന്ന് സസ്പെന്‍സ് ഒരു പക്ഷെ ഇന്ന് അവസാനിച്ചേക്കും. നെട്ടൂർ സ്വദേശിയായ സ്ത്രീക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ലോട്ടറി വില്‍പ്പന നടത്തിയ ഭഗവതി ലോട്ടറി ഏജന്‍സി ഉടമ ലതീഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചക്ക് ഭാഗ്യവതി മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു.
ആർക്കാണ് ലോട്ടറി അടിച്ചതെന്ന് നെട്ടൂരിലും പരിസര പ്രദേശങ്ങളിലും പരസ്യമായെങ്കിലും നിയമപരമായ തടസ്സം നിലനില്‍ക്കുന്നതിനാല്‍ വിജയി വന്ന് പരസ്യമായി വ്യക്തമാക്കുന്നത് വരെ മാധ്യമങ്ങള്‍ക്ക് പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. തന്റെ വിവരം രഹസ്യമായി സൂക്ഷിക്കാനാണ് അവർ താല്‍പര്യപ്പെടുന്നതെങ്കില്‍ ലോട്ടറി വകുപ്പിനും ലോട്ടറി നേടിയ വ്യക്തിയെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ല. സംശയിക്കപ്പെടുന്ന യുവതിയുടെ വീട്ടിലേക്ക് ആളുകള്‍ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഇവർ മകളുടെ വീട്ടിലേക്ക് മാറിയതാണെന്നാണ് ലതീഷ് വ്യക്തമാക്കിയത്.
വീട്ടുജോലിക്ക് ഉള്‍പ്പെടെ പോകുന്ന സ്ത്രീക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചതെന്നതാണ് ശ്രദ്ധേയം. ഫലം വന്ന ദിവസം രണ്ടുതവണ ഇവര്‍ കടയില്‍ വന്നിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരെപ്പോഴാണ് പോവുകയെന്നും തിരക്കിയിരുന്നുവെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. തനിക്ക് ലോട്ടറി അടിച്ചെന്ന കാര്യം ഇവർ ചിലരോട് വ്യക്തമാക്കിയിട്ടുമുണ്ട്. ടിക്കന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഏജന്റിന്‌റെ സുഹൃത്തുക്കള്‍ ചെന്നപ്പോവാണ് വീട് പൂട്ടി ഇവര്‍ മകളുടെ വീട്ടിലേക്ക് മാറിയതായി വ്യക്തമാകുന്നത്.
നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനിലെ രോഹിണി ട്രേഡേഴ്സ് വഴി വിറ്റ ‘ടിഎച്ച് 577825’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസീസ് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫിസിൽ നിന്നു വാങ്ങിയ ടിക്കറ്റാണ് വൈറ്റില ശാഖ വഴി രോഹിണി ട്രേഡേഴ്സ് ഉടമയും ലോട്ടറി ഏജന്റുമായ കുമ്പളം മുറിപ്പറമ്പിൽ എംടി ലതീഷ് എന്ന വ്യക്തിയിലേക്ക് എത്തുന്നത്.
25 കോടിയില്‍ നികുതിയും ഏജന്‍സി കമ്മീഷനും കിഴിച്ച് 15 ലക്ഷത്തോളം രൂപയോളമാണ് ഭാഗ്യജേതാവിന്റെ കൈകളിലേക്ക് എത്തുക. ഇതില്‍ നിന്നും വീണ്ടും ചില നികുതികള്‍ അടക്കേണ്ടി വരും. അതും കൂടെ കഴിയുമ്പോള്‍ ഏകദേശം 13 കോടി രൂപയുണ്ടാകും. ടിക്കറ്റ് വിറ്റ ലതീഷിനും ഏജന്‍സി കമ്മിഷന്‍ വകയില്‍ 2.5 കോടി രൂപ ലഭിക്കും. ഇതില്‍ നിന്നും സർക്കാർ ജി എസ് ടി ഈടാക്കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ളതും വ്യത്യസ്ത സീരിസിലുള്ളതുമായ മറ്റ് 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഈ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 25 ലക്ഷം രൂപയാണ് ലഭിക്കുന്നത്