24 in Thiruvananthapuram

ട്രംപിന്റെ മോഹം നടക്കില്ല; ഒന്നിച്ച് എതിര്‍ത്ത് ചൈന, റഷ്യ, ഇറാന്‍, പാകിസ്താന്‍, അടുത്ത നീക്കം

Posted by: TV Next September 29, 2025 No Comments

അഫ്ഗാനിസ്താനിലെ ബഗ്രാം വ്യോമ താവളത്തിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വിലപ്പോയില്ല. ബഗ്രാം താവളം അമേരിക്കക്ക് വേണം എന്നും തന്നില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കും എന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. അഫ്ഗാനിലെ ഒരിഞ്ച് ഭൂമി പോലും കിട്ടില്ല എന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തു.

തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണിക്കെതിരെ നാല് രാജ്യങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് അഫ്ഗാന്റെ പരമാധികാരം മാനിക്കണമെന്നും അഫ്ഗാനിലോ സമീപത്തോ സൈനിക താവളം പാടില്ലെന്നും വ്യക്തമാക്കിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്.

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിക്ക് എത്തിയ വേളയിലാണ് നാല് രാജ്യങ്ങള്‍ ചര്‍ച്ച നടത്തിയതും സംയുക്ത പ്രസ്താവന പുറത്തിറക്കിയതും. ബഗ്രാം താവളം അമേരിക്കക്ക് വേണം എന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാന്‍ അധിനിവേശ കാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ താവളം.

1950കളില്‍ സോവിയറ്റ് യൂണിയനാണ് ബഗ്രാം താവളം നിര്‍മിച്ചത്. പിന്നീട് പലപ്പോഴായി നവീകരിച്ചു. 2001ല്‍ അമേരിക്കന്‍ സൈന്യം എത്തിയതോടെ താവളം വിപുലപ്പെടുത്തി. ഷോപ്പിങ് കേന്ദ്രങ്ങളും ആശുപത്രിയുമെല്ലാം സമീപത്ത് സ്ഥാപിച്ചു. കൂടാതെ റണ്‍വേ നീളം കൂട്ടുകയും ചെയ്തു. യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഇറങ്ങാന്‍ സാധിക്കുംവിധമാക്കി മാറ്റി.ഇതിനെല്ലാം പുറമെ തന്ത്ര പ്രധാന മേഖലയിലാണ് ബഗ്രാം താവളം. ഇത് നഷ്ടമായത് വലിയ തിരിച്ചടിയാണ് എന്ന് അമേരിക്ക കരുതുന്നു. ചൈനയുടെ ആണവ കേന്ദ്രത്തിലേക്ക് ബഗ്രാമില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മതിയാകും. കാബൂളിലേക്കും ഒരു മണിക്കൂര്‍ യാത്രയാണുള്ളത്. ഇറാന്‍, റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും ബഗ്രാമില്‍ നിന്ന് എത്താന്‍ എളുപ്പമാണ്.

ഇത്രയും തന്ത്ര പ്രധാനമായ മേഖലയിലെ താവളം ഒഴിവാക്കാന്‍ പാടില്ലായിരുന്നു എന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണ്. ട്രംപ് പ്രസ്താവന ഇറക്കിയ വേളയില്‍ തന്നെ താലിബാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഒരു വിദേശ ശക്തികള്‍ക്കും സൈനിക സാന്നിധ്യം ഉറപ്പിക്കാന്‍ അഫ്ഗാന്‍ സമ്മതിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ മാത്രമേ നടക്കൂ എന്നും താലിബാന്‍ നേതൃത്വം പ്രതികരിച്ചു.മാറ്റണം എന്ന് ആവശ്യം, കാരണം ഇതാണ്

ബഗ്രാം താവളം വിട്ടുപോയതോടെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ അഫ്ഗാന്‍ പിന്മാറ്റം പൂര്‍ണമായത്. ഒരു രാത്രി അമേരിക്കന്‍ സൈനികര്‍ തിടുക്കത്തില്‍ ബഗ്രാം വിട്ടുപോകുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പല ഉപകരണങ്ങളും നശിപ്പിക്കുകയാണ് യുഎസ് സൈന്യം ചെയ്തത്. ബാക്കി ഉപേക്ഷിക്കുകയും ചെയ്തു. ഇതെല്ലാം പിന്നീട് താലിബാന്‍ സൈന്യം ഏറ്റെടുക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ട്രംപിന്റെ അടുത്ത നീക്കം എന്താകുമെന്നാണ് ഇനി അറിയേണ്ടത്. സൈനിക നടപടി സ്വീകരിക്കുമോ, സാമ്പത്തിക ഉപരോധം ശക്തമാക്കുമോ എന്നെല്ലാം കണ്ടറിയണം