24 in Thiruvananthapuram

ആള് കൂടിയാലൊന്നും വോട്ട് കൂടില്ലെന്ന് കമൽ ഹാസൻ; ഉന്നം വച്ചത് വിജയ്‌യെ തന്നെയോ? അല്ലെങ്കിൽ അനുഭവമോ?

Posted by: TV Next September 22, 2025 No Comments

ചെന്നൈ: സൂപ്പർതാരം വിജയുടെ ടിവികെയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് റാലികളിൽ ജനക്കൂട്ടം ഒന്നും തന്നെ വോട്ടായി മാറില്ലെന്ന പരാമർശവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സംസ്ഥാനത്ത് നടക്കുന്ന ടിവികെ രാഷ്ട്രീയ റാലികളിൽ വിജയ് പങ്കെടുക്കുന്ന വേളയിൽ വൻ ജനക്കൂട്ടം ഉണ്ടാവുന്നത് പതിവ് കാഴ്‌ചയായിരുന്നു. അതിനിടയിലാണ് കമലിന്റെ പരാമർശം

ഒരു പൊതുസംവാദത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘ആൾക്കൂട്ടം ഒരിക്കലും വോട്ടായി മാറില്ല’ എന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. ഈ തത്വം താൻ ഉൾപ്പെടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കൾക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് കമൽ ഉദ്ദേശിച്ചത് വിജയെ തന്നെയാണെന്ന തരത്തിൽ ചില കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നത്

വിജയ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് പതിനായിരക്കണക്കിന് അനുയായികളെ ആകർഷിക്കുന്ന ഉന്നതതല റാലികൾ പലയിടത്തായി നടക്കുന്നത്. നിലവിൽ പല രാഷ്ട്രീയ കേന്ദ്രങ്ങളിലും ഈ റാലികൾ വലിയ ചർച്ചയായിട്ടുണ്ട്. അതിന്റെ പ്രതിഫലനം എന്നോണമാണ് കമലിന്റെ വാക്കുകളെയും ചിലർ നോക്കി കാണുന്നത്.

അടുത്തിടെ വാരാന്ത്യ റാലിയുടെ ഭാഗമായി മധുര, തിരുവാരൂർ, നാഗപട്ടണം എന്നിവയുൾപ്പെടെ നിരവധി രാഷ്ട്രീയ റാലികളിൽ വിജയ് അഭിസംബോധന ചെയ്‌തു സംസാരിച്ചിരുന്നു. അവിടെയെല്ലാം അദ്ദേഹം വൻ ജനക്കൂട്ടത്തെ ആകർഷിച്ചു. സംസ്ഥാനത്തെ സംബന്ധിച്ചുള്ളതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്നതുമായ നിരവധി വിഷയങ്ങൾ അദ്ദേഹം റാലികളിൽ ഉന്നയിച്ചിട്ടുമുണ്ട്.വിജയുടെ രാഷ്ട്രീയ എതിരാളികളെ വരെ ആശങ്കയിലാഴ്ത്തി കൊണ്ടാണ് താരത്തിന്റെ റാലികളിൽ ജനം ഒത്തുചേരുന്നത്. ഓഗസ്‌റ്റിൽ മധുരയിൽ നടന്ന ടിവികെ റാലിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു, അതേസമയം മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ജന്മനാടായ തിരുവാരൂരിൽ നടന്ന പാർട്ടിയുടെ സമീപകാല പൊതുയോഗം വീണ്ടും ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കുന്ന ഒന്നായിരുന്നു.

നിലവിൽ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് റാലികൾ വലിയ രീതിയിൽ സംഘടിപ്പിക്കുന്ന ഒരേ ഒരാൾ വിജയ് അല്ല. എന്നിട്ടും കമൽ താരത്തെയാണ് ഉദ്ദേശിച്ചതെന്ന് പലരും സംശയിക്കാൻ കാരണം അടുത്തിടെ ഉണ്ടായ ഒരു സംഭവമാണ്. അടുത്തിടെ ഒരു വേദിയിൽ പ്രസംഗിക്കവേ സിനിമയിൽ നിന്ന് റിട്ടയർ ചെയ്‌തപ്പോൾ രാഷ്ട്രീയത്തിൽ വന്നയാൾ അല്ല താനെന്ന് വിജയ് പറഞ്ഞിരുന്നു. ഇത് കമൽ ഹാസനെ ഉദ്ദേശിച്ചാണ് എന്ന സംശയം അന്നേ ഉയർന്നിരുന്നു.

എന്നാൽ കമൽ ഹാസനാവട്ടെ ഇതിനോട് പ്രതികരിക്കുകയും ചെയ്‌തു. ഒരിക്കലും തന്റെ പേര് പോലും ഒരു പ്രസ്‌താവനയെ കുറിച്ച് എന്ത് പ്രതികരിക്കാനാണ് എന്നായിരുന്നു കമലിന്റെ ചോദ്യം. അവിടെ മുതൽ തന്നെ ഇരുവരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് കമൽ ഹാസന്റെ ഏറ്റവും പുതിയ അഭിപ്രായപ്രകടനം.