29 in Thiruvananthapuram

സ്വര്‍ണത്തിനൊപ്പം വെളിച്ചെണ്ണ വിലയും കുതിച്ചു; കേരളം തന്നെ ഏറ്റവും പണപ്പെരുപ്പമുള്ള സംസ്ഥാനം!

Posted by: TV Next September 15, 2025 No Comments

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും പണപ്പെരുപ്പമുള്ള സംസ്ഥാനമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ആഗസ്റ്റിലെ കണക്കുകള്‍ പ്രകാരമാണ് പണപ്പെരുപ്പ നിരക്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സംസ്ഥാനങ്ങളിലുടനീളം പണപ്പെരുപ്പം സാധാരണ നിലയിലാണെങ്കിലും ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പ നിരക്കുമായി കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സ്വര്‍ണ്ണത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയിലെ വര്‍ധനവാണ് ഈ കുതിപ്പിന് പിന്നിലെന്ന് കാണുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (എന്‍എസ്ഒ) ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് കണക്കുകള്‍ പുറത്തുവിട്ട 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തിലാണെന്നാണ്. 9%-ത്തിലധികം നിരക്കുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്.

കര്‍ണാടക, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ 3.8%-വുമായും വെള്ളപ്പൊക്ക ബാധിത പഞ്ചാബ് 3.5%-വുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. -0.7 ശതമാനമുള്ള അസം, -0.6 ശതമാനമുള്ള ഒഡിഷ, 0.3 ശതമാനമുള്ള ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവുള്ളത്.

കേരളത്തിലെ കേസ് ഏറ്റവും രസകരമായ ഒരു വ്യതിയാനമാണ്. സംസ്ഥാനത്തെ ഗ്രാമ-നഗര പണപ്പെരുപ്പ വിഭജനം കാണിക്കുന്നത് ഗ്രാമങ്ങളിലെ പണപ്പെരുപ്പം 10.1% ഉം നഗരങ്ങളിലെ പണപ്പെരുപ്പം 7.2% ഉം ആണെന്നാണ്,’ എസ് ബി ഐയിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു. എണ്ണയുടെയും കൊഴുപ്പിന്റെയും ഘടകങ്ങളാണ് ഇതിന് പ്രേരക ഘടകം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് മുഴുവന്‍ സംയോജിത ഉപഭോക്തൃ വില സൂചികയ്ക്കും സാധാരണമാണ്. കൂടാതെ കേരളത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ വിലയിലെ കുത്തനെയുള്ള വര്‍ധനവ് ഈ പ്രവണതയ്ക്ക് കാരണമായിട്ടുണ്ടെന്നും പ്രാദേശിക മുന്‍ഗണനകള്‍ സൂചികയുടെ ആക്കം കൂട്ടുന്നുവെന്നും കാലാവസ്ഥയുടെ മാറ്റവും നാളികേര ഉല്‍പാദനത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.