ഇന്ത്യയോടുള്ള സമീപനത്തില്‍ വീണ്ടും നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിൽ വിശേഷപ്പെട്ട ബന്ധം നിലനിൽക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾക്ക് ഇടയ്ക്ക് ചില നിമിഷങ്ങൾ മാത്രമാണ് വേറിട്ട് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ, ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഞാൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലാണ്. അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണ്. പക്ഷേ, ഈ പ്രത്യേക നിമിഷത്തിൽ അവൻ ചെയ്യുന്ന ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമല്ല,” ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് ഇന്ത്യ വലിയ തോതിൽ എണ്ണ വാങ്ങുന്നതിൽ താൻ വളരെ നിരാശനാണ് എന്നും ട്രംപ് പറഞ്ഞു. “ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ നിരാശനാണ്, അത് ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തി, വളരെ ഉയർന്ന തീരുവയാണ് അത്” ട്രംപ് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിച്ചിരുന്നതും ട്രംപ് ഓർമിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയേയും റഷ്യയേയും കടുത്ത ഭാഷയില്‍ പരിഹസിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന് അദ്ദേഹം തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ നരേന്ദ്ര മോദി, പുടിന്‍, ഷീ ജിന്‍പിങ് എന്നിവരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം.
‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ, റഷ്യ, ചൈന എന്നിവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ ഏറ്റവും വ്യക്തമായ പരസ്യ സ്ഥിരീകരണമാണ് ട്രംപിന്റെ ഈ പ്രസ്താവന.