27 in Thiruvananthapuram

Modi In Japan: ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്താൻ ജപ്പാൻ, ചന്ദ്രയാൻ- 5 ദൗത്യത്തിലും കൈകോര്‍ക്കും

Posted by: TV Next August 30, 2025 No Comments

ടോക്കിയോ: ചൈനയുമുളള കരുത്തുറ്റ ബന്ധം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സമാധാനത്തിലും പുരോഗതിയിലും ചൈനയുമായുളള ബന്ധം പോസിറ്റീവ് ആയി പ്രതിഫലിക്കുമെന്നും ആഗോള സാമ്പത്തിക സുസ്ഥിരത കൊണ്ട് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുളള നയതന്ത്രപരവും ദീർഘകാല വീക്ഷണത്തോട് കൂടിയതുമായ ഉഭയകക്ഷി ബന്ധങ്ങൾക്കായി മുന്നോട്ട് വരാൻ ഇന്ത്യ തയ്യാറാണ് എന്നും പ്രധാനമന്ത്രി തന്റെ ജപ്പാൻ സന്ദർശനത്തിനിടെ പറഞ്ഞു.

പെഹല്‍ഗാം ഭീകരാക്രമണത്തെ ഇന്ത്യയും ജപ്പാനും സംയുക്തമായി അപലപിച്ചു. ഭീകരാക്രമണം ആസൂത്രണം ചെയ്തവരും നടപ്പിലാക്കിയവരും സാമ്പത്തിക സഹായം നല്‍കിയവരും ഉള്‍പ്പെടെ ഉളളവരെ നിയമത്തിന് മുന്നില്‍ ഒട്ടും വൈകാതെ എത്തിക്കണമെന്ന് ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഐക്യരാഷ്ട്ര സഭ പട്ടികപ്പടുത്തിയിട്ടുളള ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് അടക്കമുളള ഭീകരസംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ വേണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സമാനമായ ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. പ്രതിരോധ മേഖലയിൽ അടക്കം ഇന്ത്യയും ജപ്പാനും ബന്ധം കൂടുതൽ കരുത്തുറ്റതാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജപ്പാൻ പ്രധാനമന്ത്രിയുമായി വളരെ ഫലപ്രദമായ ചർച്ചകളാണ് നടന്നത് എന്നും അടുത്ത പത്ത് വർഷത്തിനിടെ 10 ട്രില്യൺ യെൻ നിക്ഷേപം ഇന്ത്യയിൽ നടത്തുക എന്നതാണ് ഇരുരാജ്യങ്ങളും ലക്ഷ്യമാക്കുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 10 വർഷത്തെ ഇന്ത്യ- ജപ്പാൻ റോഡ് മാപ്പിൽ നിക്ഷേപം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികത, ആരോഗ്യം എന്നീ മേഖലയിലാണ് ശ്രദ്ധയൂന്നുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2 ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ടോക്കിയോയിൽ എത്തിയത്. ജപ്പാൻ പ്രധാനമന്ത്രിക്കൊപ്പം മോദി ബുള്ളറ്റ് ട്രെയിൻ യാത്ര നടത്തി. ജപ്പാൻ നിർമ്മിക്കുന്ന ഇ10 ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ പ്രോട്ടോടൈപ്പ് നിർമ്മാണ ഫാക്ടറികൾ അടക്കം പ്രധാനമന്ത്രി സന്ദർശിക്കും. ഈ ട്രെയിൻ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നതാണ്.

പ്രതിരോധം, വ്യവസായം, ടെക്നോളജി അടക്കമുളളവയിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പിടും. ചന്ദ്രയാൻ- 5 ദൌത്യവുമായി ബന്ധപ്പെട്ട് ഇന്ത്യയും-ജപ്പാനും കരാരിൽ ഒപ്പിട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേഷണം നടത്താനുളള സംയുക്ത ശ്രമങ്ങൾക്ക് വേണ്ടിയുളള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിനായി ഇസ്രോയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയും കൈകോർക്കും. ജപ്പാൻ സന്ദർശനം ഇന്ന് പൂർത്തിയാക്കി പ്രധാനമന്ത്രി ചൈനയിലേക്ക് തിരിക്കും. 31, 1 തീയ്യതികളിൽ ടിയാൻജിനിൽ നടക്കുന്ന ഷാൻഗായി കോർപറേഷൻ ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.