25 in Thiruvananthapuram

ഇറാഖിനും ലിബിയയ്ക്കും 30% താരിഫ്, 6 രാജ്യങ്ങള്‍ക്ക് കൂടി ട്രംപിന്റെ കത്ത്

Posted by: TV Next July 10, 2025 No Comments

വാഷിംഗ്ടണ്‍: ജൂലൈ ഒമ്പത് എന്ന സമയപരിധി അവസാനിച്ചതോടെ താരിഫ് ഭീഷണികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു റൗണ്ട് താരിഫ് കത്തുകള്‍ നല്‍കി. ഈ രാജ്യങ്ങള്‍ക്ക് മേല്‍ നികുതി തീരുവ ചുമത്തുന്നത് സംബന്ധിച്ചാണ് കത്തിലുള്ളത്.

ഇറാഖിനും അള്‍ജീരിയയ്ക്കും ലിബിയയ്ക്കും 30% മാണ് തീരുവ. ബ്രൂണെയ്ക്കും മോള്‍ഡോവയ്ക്കും 25%, ഫിലിപ്പീന്‍സിന് 20%, എന്നിങ്ങനെയാണ് തീരുവ ചുമത്താന്‍ കത്തുകള്‍ ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ബാച്ച് രേഖകള്‍ക്ക് സമാനമായി, താരിഫ് ലെവലുകള്‍ ഏപ്രിലില്‍ ആദ്യം ഭീഷണിപ്പെടുത്തിയവയോട് ഏറെ അടുത്ത് നില്‍ക്കുന്നവയാണ്.

എന്നിരുന്നാലും ചില പങ്കാളികള്‍ക്ക് ഇത്തവണ വളരെ കുറഞ്ഞ നിരക്കുകളാണ് ലഭിച്ചത്. ഏപ്രിലില്‍ ട്രംപ് എല്ലാ വ്യാപാര പങ്കാളികള്‍ക്കും 10% ലെവി ഏര്‍പ്പെടുത്തിയിരുന്നു. ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ജൂലൈ 9 വരെ നിര്‍ത്തിവെച്ചു. പരിഷ്‌കരിച്ച താരിഫ് പ്രാബല്യത്തില്‍ വരാനുള്ള അവസാന തീയതി ബുധനാഴ്ചയായിരുന്നെങ്കിലും പിന്നീട് ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി വെച്ചു.

ഇതിനിടെയാണ് ഉയര്‍ന്ന തീരുവയുടെ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ യുഎസ് താരിഫ് നിരക്കുകള്‍ വ്യക്തമാക്കുന്ന കത്തുകള്‍ ലഭിക്കാന്‍ തുടങ്ങിയത്. തീരുവ ഒഴിവാക്കാന്‍ പകരം അമേരിക്കയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആണ് ട്രംപ് രാജ്യങ്ങളോട് ആവശ്യപ്പെട്ടത്. അതേസമയം നേതാക്കള്‍ താരിഫിന് പ്രതികാരം ചെയ്താല്‍ കൂടുതല്‍ വര്‍ധനവ് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ ലക്ഷ്യമിട്ടുള്ള താരിഫുകള്‍ക്ക് പുറമേ, സ്റ്റീല്‍, അലുമിനിയം, ഓട്ടോ മൊബൈല്‍ എന്നിവയ്ക്ക് മേഖലാ നിര്‍ദ്ദിഷ്ട തീരുവകളും ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ചെമ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്കും താരിഫ് വരുന്നുണ്ടെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞു. നേരത്തെ ബംഗ്ലാദേശ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം പ്രസ്തുത രാജ്യവുമായുള്ള തങ്ങളുടെ ബന്ധത്തെ ആശ്രയിച്ച് ഈ താരിഫുകള്‍ മുകളിലേക്കോ താഴേക്കോ പരിഷ്‌കരിക്കാം എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.