ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പരസ്യമാക്കുമെന്ന് സൂചന. 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം സംബന്ധിച്ച പ്രാഥമിക കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടിരുന്നില്ല. ഇത്രയും വലിയ കാരണമായ ഘടകങ്ങള്‍ എന്താണെന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ (എഎഐബി) ഉദ്യോഗസ്ഥരും ഇന്ത്യന്‍ വ്യോമസേന, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരുമടങ്ങിയ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതില്‍ എന്‍ടിഎസ്ബി വിമാനം ഡിസൈന്‍ ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത രാജ്യത്തെ പ്രതിനിധീകരിക്കുന്ന സംഘടനയാണ്. എഎഐബി ഡയറക്ടര്‍ ജനറലാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വിമാനത്തിന് മുന്നിലെ ബ്ലാക്ക് ബോക്സില്‍നിന്നുള്ള ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ (സിപിഎം) വിജയകരമായി വീണ്ടെടുത്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എഎഐബി ലാബില്‍ ഇതിന്റെ ഡേറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഡേറ്റ പുനഃപരിശോധിക്കുന്നതിനായി ഗോള്‍ഡന്‍ ചേസിസ് എന്നറിയപ്പെടുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് ബ്ലാക്ക് ബോക്സ് ഉപയോഗിച്ചിരുന്നു.
ഒരു ബ്ലാക്ക് ബോക്സ് ജൂണ്‍ 13-ന് വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തില്‍നിന്ന് ലഭിച്ചപ്പോള്‍ മറ്റൊരണ്ണെം ജൂണ്‍ 16-നാണ് ലഭിച്ചത്. മുന്‍കാലങ്ങളില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സുകളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യു.കെ, യുഎസ്എ, ഫ്രാന്‍സ്, ഇറ്റലി, കാനഡ, റഷ്യ പോലുള്ള വിദേശരാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, കോക്പിറ്റ് വോയ്സ് റെക്കോഡേഴ്സ് (സിവിആര്‍), ഫ്ളൈറ്റ് ഡേറ്റ റെക്കോഡേഴ്സ് (എഫ്ഡിആര്‍) അടക്കമുള്ളവയിലെ വിവരങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ എഎഐബി ലാബിലെ ആധുനിക സംവിധാനങ്ങളിലൂടെ ശേഖരിക്കാനാകും.
ജൂണ്‍ 12-നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഒരു ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയത്. വിമാനത്തിലെ 241 പേരും ഇടിച്ചിറങ്ങിയ കെട്ടിടത്തിലുണ്ടായിരുന്ന നിരവധിപേരും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.