ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം. ഭൂഗര്‍ഭ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒളിത്താവളത്തില്‍ നിന്ന് അഞ്ച് സ്‌ഫോടക വസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി.
പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊന്ന ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പൂഞ്ചിലെ സുരന്‍കോട്ടിലെ വനപ്രദേശത്താണ് ഒളിത്താവളം കണ്ടെത്തിയത്. കണ്ടെടുത്ത ഐഇഡികളില്‍ മൂന്നെണ്ണം ടിഫിന്‍ ബോക്‌സുകളിലും രണ്ടെണ്ണം സ്റ്റീല്‍ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് വൃത്തങ്ങള്‍ അറിയിച്ചു.
താഴ്വരയിലുടനീളം അധികൃതര്‍ വലിയ തോതിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്ന ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്യുക, തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഷെല്‍ട്ടറുകള്‍ തകര്‍ക്കുക, തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഭീകരരുടെ ഒളിത്താവളം തകര്‍ത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം, പാകിസ്ഥാന്‍ സൈന്യം ഇന്നലെ രാത്രി പൂഞ്ചിലും മറ്റ് മേഖലകളിലും നിയന്ത്രണ രേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവയ്പ്പ് പുനരാരംഭിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. ജമ്മു & കാശ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ എന്നിവയ്ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നിയന്ത്രണരേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവച്ചു.
ഇന്ത്യന്‍ സൈന്യം ഉടനടി ആനുപാതികമായി പ്രതികരിച്ചു എന്ന് ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു. നിയന്ത്രണ രേഖയ്ക്ക് പുറത്ത് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടര്‍ച്ചയായ 11-ാം ദിവസമാണ്. ഏപ്രില്‍ 22-ന് നടനന്ന പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിലുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്.
പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ത്വയ്ബ പിന്തുണയ്ക്കുന്ന സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. ഇതോടെസംഭവത്തില്‍ പാകിസ്ഥാനെ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പാകിസ്ഥാന്‍ എല്ലാ ഉത്തരവാദിത്തവും നിഷേധിക്കുകയും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.