27 in Thiruvananthapuram

ഷൈന്‍ പൊലീസിന് മുന്നിലേക്ക്… 32 ചോദ്യങ്ങള്‍; നടന്റെ വക്കീല്‍ രാമന്‍പിള്ള, ‘ട്യൂഷന്‍’ കൊടുത്തു

Posted by: TV Next April 19, 2025 No Comments

കൊച്ചി: ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈന്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ്‌നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഷൈനിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മകന്‍ യാത്രയിലാണ് എന്നും ഉച്ചയ്ക്ക് മൂന്ന് മണിയോടു കൂടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നും പിതാവ് മറുപടി നല്‍കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഷൈനിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

നിരപരാധിത്വം തെളിയിക്കുമെന്ന് ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈനിന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ എ സി പിയുടെ നേതൃത്വത്തിലാകും ഷൈനിനെ ചോദ്യം ചെയ്യുക. ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ് പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട് എന്നാണ് വിവരം.

32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴ കീറി ചോദിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി, ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിക്കുക.

 

ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ ആരൊക്കെയാണ് സന്ദര്‍ശിച്ചത്, അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകള്‍ എന്തിനായിരുന്നു, ആര്‍ക്കൊപ്പമായിരുന്നു തുടങ്ങിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

‏ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസിന്റെ പക്കലുണ്ട്. നിലവില്‍ ഷൈനിനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ നിയമനടപടിക്ക് താല്‍പര്യമില്ല എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിടാന്‍ ഷൈന്‍ ടോം ചാക്കോ അഭിഭാഷകരുടെ സഹായം തേടിയിട്ടുണ്ട്.

 

മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകന്‍ എന്നാണ് വിവരം. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ഷൈന്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം എങ്കിലും ഇന്ന് ഹാജരായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഷൈനും കുടുംബത്തിനുമുണ്ട്..

ബുധനാഴ്ചയായിരുന്നു ഡാന്‍സാഫ് പരിശോധനയ്ക്കിടെ കലൂരിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ എത്തിയത്. ഇയാള്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പരിശോധന. റൂം സര്‍വീസെന്ന് പറഞ്ഞ് ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചെങ്കിലും ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.