31 in Thiruvananthapuram

വേറൊരു സിം, മറ്റൊരു കഥ’; കഞ്ചാവ് കേസിൽ ഭാസിയെ കുടുക്കും പുതിയ ചാറ്റ് വിവരങ്ങൾ!

Posted by: TV Next April 8, 2025 No Comments

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതി തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയുടേയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇടപാടിനായി പ്രതിയുമായി നടന്‍ ബന്ധപ്പെട്ടെങ്കിലും മറ്റൊരു സിം കാർഡായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ സിം താരത്തിന്റെ പെണ്‍സുഹൃത്തിന്റെ പേരിലായിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം സ്വദേശിയായ പെണ്‍സുഹൃത്തിനേയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും എക്സൈസ് ഉടന്‍ ആരംഭിക്കും. ഇവർ മാസങ്ങള്‍ക്ക് മുമ്പ് വിദേശ യാത്ര നടത്തിയതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിക്കുന്നതില്‍ ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും.

കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ മൊഴി നല്‍കിയെങ്കിലും നിലവിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി തസ്ലീമയ്ക്ക് ലഹരി വ്യാപാരമുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കേസിൽ എക്സൈസ് വകുപ്പ് നടനെ പ്രതി ചേർക്കാത്തതിനാലാണ് ഇത്തരമൊരു നീക്കമുണ്ടായത്. നടന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് എക്സൈസിനോടു നിർദേശിക്കുകയും ഈ മാസം 22 ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് ഇടയിലാണ് ശ്രീനാഥ് ഭാസി ഹർജി പിന്‍വലിച്ചത്.

കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം വേണമെന്നുമായിരുന്നു ശ്രീനാഥ് ഭാസി ഹർജിയിലൂടെ ആവശ്യപ്പെട്ടത്. കേസുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും അദ്ദേഹം ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ‌ തസ്‌ലിമ തന്നെ കാണാനെത്തിയിരുന്നു. അന്ന് ക്രിസ്റ്റീനയെന്നാണ് പേര് പറഞ്ഞത്. ആരാധികയാണെന്ന പേരില്‍ ഒരു സുഹൃത്ത് വഴിയായിരുന്നു പരിചയപ്പെടല്‍. അന്ന് അവർ ഫോണ്‍ നമ്പറും വാങ്ങി. പിന്നീട് ഏപ്രില്‍ ഒന്നിന് വിളിച്ച് കഞ്ചാവ് ആവശ്യമുണ്ടോ എന്ന് ചോദിച്ചു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചു. അല്ലാതെ അവർ അയച്ച മറ്റ് മെസേജുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ലെന്നു ശ്രീനാഥ് ഭാസിയുടെ മുന്‍കൂർ ജാമ്യാപേക്ഷയിലുണ്ടായിരുന്നു.

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഏപ്രില്‍ രണ്ടിനാണ് ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനയെ പിടികൂടുന്നത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി ഇവരെ പിടിക്കാനുള്ള തന്ത്രം ഒരുക്കി കാത്തിരിക്കുകയായിരുന്നു എക്സൈസ്. ഫിറോസുമായി ചേർന്ന് വില്പന നടത്തുന്നതിനായിട്ടായിരുന്ന ഇവർ ലഹരി വസ്തുക്കളുമായി എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്ക് എത്തിയത്. സമീപകാലത്ത് ആദ്യമായിട്ടാണ് എയർപോർട്ടിന് പുറത്ത് നിന്നും ഇത്രയധികം ലഹരി വസ്തുക്കള്‍ പിടികൂടിയത്.

 

ലഹരിക്കേസിന് പുറമെ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന തരത്തിലുള്ള വിവരങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിയുമാണ് ഇവർ. അറസ്റ്റിലായ തസ്ലീമയെ വിശദമായ ചോദ്യം ചെയ്തതതോടെ സിനിമ മേഖലയിലെ ലഹരി ഇടപാട് സംബന്ധിച്ച വിവരവും ലഭിക്കുകയായിരുന്നു. തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ തന്നെ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.