31 in Thiruvananthapuram

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം: മൂന്ന് പേർക്ക് പരിക്കേറ്റു

Posted by: TV Next April 8, 2025 No Comments

കോട്ടയം: കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ 2 പേർ മരിച്ചു. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ജീപ്പ് ഡ്രൈവറും തൊടുപുഴ സ്വദേശിയുമായ സനോഷ് (55) ആണ്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം.

പരിക്കേറ്റതും ജീപ്പിലുണ്ടായിരുന്നവരാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക് ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഇതിനുള്ളിലുള്ളവരെ പുറത്തെടുത്തത്.

മുൻവശം പൂർണ്ണമായും തകർന്ന ജീപ്പും ലോറിയും അഗ്നിരക്ഷാസേന എത്തി നീക്കം ചെയ്തു. അപകടത്തിനു പിന്നാലെ എംസി റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. പിന്നീട് ചിങ്ങവനം പൊലീസ് എത്തി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി.