27 in Thiruvananthapuram

മോസ്‌കോ കരാർ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കും’; ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം സെലൻസ്‌കി

Posted by: TV Next March 20, 2025 No Comments

കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്‌കി നേരിട്ട് സംസാരിക്കുന്നത്.

യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്‌കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, റെയിൽ-തുറമുഖ സൗകര്യങ്ങളും ഉൾപ്പെടാമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പക്ഷേ റഷ്യയുമായി നമ്മൾ യോജിക്കുന്നതുവരെ, ഭാഗിക വെടിനിർത്തൽ സംബന്ധിച്ച ഒരു രേഖ ഉണ്ടാകുന്നതുവരെ, എല്ലാം പറന്നുയരുമെന്ന് ഞാൻ കരുതുന്നു’ ഡ്രോണുകൾ, മിസൈലുകൾ എന്നിവയെ ഉദ്ദേശിച്ചുകൊണ്ട് സെലൻസ്‌കി പറഞ്ഞു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അർത്ഥവത്തായതും പോസിറ്റീവ് ആയതുമായ ചർച്ചയെന്നാണ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. തനിക്ക് ഒരിക്കലൂം സമ്മർദ്ദം അനുഭവപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. നേരത്തെ ഫെബ്രുവരി 28ന്, ധാതു ഇടപാടിനെക്കുറിച്ചും യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴിയെക്കുറിച്ചും ചർച്ച ചെയ്യാൻ സെലൻസ്‌കി ട്രംപുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്‌ച വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്‌ത കൂടിക്കാഴ്‌ചയിൽ ട്രംപ് പൊട്ടിത്തെറിച്ചിരുന്നു. അതിനിടെ ഡൊണാൾഡ് ട്രംപ് യുക്രൈൻ സന്ദർശിക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ എന്ന് ബുധനാഴ്‌ച ചോദിച്ചപ്പോൾ, താൻ അത് ആഗ്രഹിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങൾക്ക് ആ സന്ദർശനം സഹായകമാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും സെലൻസ്‌കി പറഞ്ഞിരുന്നു.

തെക്കുകിഴക്കൻ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിലുള്ള വിശാലമായ സപോരിജിയ ആണവ നിലയത്തെക്കുറിച്ച് ട്രംപുമായി ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്‌തതായും സെലൻസ്‌കി പറഞ്ഞു. ആണവ നിലയം യുക്രൈന് തിരികെ നൽകിയാൽ, ആധുനികവൽക്കരണത്തിലും നിക്ഷേപത്തിലും യുഎസിന്റെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കീവ് തയ്യാറാണെന്ന് ട്രംപിനോട് പറഞ്ഞതായും സെലൻസ്‌കി കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെലൻസ്‌കിയുമായി ഒരു മണിക്കൂർ നീണ്ട വളരെ മികച്ച സംഭാഷണം നടത്തിയതായി അറിയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ഇതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പുതിയ വഴി തെളിയുകയാണ്. Published On March 20, 2025