ലോക്സഭയിൽ ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുംഭമേളയിൽ ജീവൻനഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി പോലും അർപ്പിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുംഭമേളയെ കുറിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിച്ചതിന് പിന്നാലെയാണ് രാഹുൽ ആഞ്ഞടിച്ചത്.
മഹാകുംഭമേള പ്രധാന നാഴിക കല്ലാണെന്നും ഇത്രയും വലിയൊരു പരപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്തവർക്കുള്ള ഉത്തമ മറുപടിയാണ് കുംഭമേളയുടെ വിജയം എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.ഇതിന് പിന്നാലെ നടുത്തളത്തിൽ ഇറങ്ങി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം തീർത്തത്. സ്പീക്കർ അംഗങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയ്യാറായില്ല. ഇതോടെ സഭ അൽപനേരത്തേക്ക് പിരിഞ്ഞു. പിന്നാലെയാണ് മോദിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പ്രധാമന്ത്രി പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നു. കുംഭമേള നമ്മുടെ ചരിത്രവും സംസ്കാരവുമാണ്. ഞങ്ങളുടെ ഏക പരാതി കുംഭമേള ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നതാണ്. ഒരു കാര്യം കൂടി അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നു. കുംഭമേളയിൽ പങ്കെടുത്ത യുവാക്കൾ അദ്ദേഹത്തിൽ നിന്നും ഒരു കാര്യം കൂടി പ്രതീക്ഷിക്കുന്നുണ്ട്, തൊഴിലാണത്. നമ്മുടെ ജനാധിപത്യ ഘടന അനുസരിച്ച് മഹാകുംഭമേളയെ കുറിച്ച് ലോക്സ പ്രതിപക്ഷ നേതാവിനൊക്കെ സംസാരിക്കാനുള്ള സമയം ലഭിക്കണം. എന്നാൽ അതിന് അവർ നമ്മളെ അനുവദിക്കില്ല. ഇതാണ് പുതിയ ഇന്ത്യ’, രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എംപിയും ചൂണ്ടിക്കാട്ടി.
മഹാകുംഭമേളയെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിനും അവസരം നൽകണം, ഞങ്ങൾക്കും കുംഭമേളോടൊരു വികാരമുണ്ട്. ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കുന്നത് അവരെ ബാധിക്കേണ്ടതല്ല’, പ്രിയങ്ക പറഞ്ഞു. അതിനിടെ ലോക്സഭയിൽ മഹാകുംഭമേളയെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചതിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു. ‘യാതൊരു അറിയിപ്പും ഇല്ലാതെ സഭയെ അറിയിക്കാതെ കുംഭമേളയെ കുറിച്ച് പ്രസ്താവന, എന്താണ് ഇതിന് പിന്നിലെ രഹസ്യം?’, കെസി വേണുഗോപാൽ ചോദിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നതും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. സഭയുടെ നിയമങ്ങൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അറിയില്ലെന്നും പ്രധാനമന്ത്രി സംസാരിക്കുമ്പോൾ മറ്റാർക്കും സംസാരിക്കാൻ അധികാരമില്ലെന്നും മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.