27 in Thiruvananthapuram

സൗരവ് ഗാംഗുലിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനവ്യൂഹത്തിലേക്ക് ലോറി ഇടിച്ചുകയറി

Posted by: TV Next February 21, 2025 No Comments

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച രാത്രി ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. റേഞ്ച് റോവര്‍ കാറിലായിരുന്നു ഗാംഗുലി സഞ്ചരിച്ചിരുന്നത്. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു.

ലോറിയിടിച്ചതോടെ ഗാംഗുലിയുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. ഇതോടെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വന്ന് വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിലായിരുന്നില്ല.

ഇതാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന് പിന്നാലെ ഗാംഗുലിക്ക് എക്‌സ്പ്രസ് ഹൈവേയില്‍ ഏകദേശം 10 മിനിറ്റ് യാത്ര നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇതിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ എല്ലാം പങ്കെടുത്ത ശേഷമാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്. ഗാംഗുലി ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു.

തുടര്‍ന്ന് ബര്‍ദ്വാന്‍ സ്പോര്‍ട്സ് അസോസിയേഷന്‍ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലും പങ്കെടുത്തു. ബര്‍ദ്വാന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് ഗാംഗുലി പറഞ്ഞു. ബര്‍ദ്വാന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കുറെ നാളായി തന്നെ പരിപാടിയിലേക്ക് ക്ഷണിക്കുന്നു എന്നും ഇപ്പോഴാണ് അതിന് സമയമായത് എന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ എന്നെ ക്ഷണിച്ചതില്‍ എനിക്ക് കൂടുതല്‍ സന്തോഷമുണ്ട്. ബിഡിഎസ് (ബര്‍ദ്വാന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍) വളരെക്കാലമായി എന്നോട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഇവിടെ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു. 50 വര്‍ഷമായി സിഎബി ബര്‍ദ്വാന്‍ സ്‌പോര്‍ട്‌സ് സംഘടനയുമായി പ്രവര്‍ത്തിക്കുന്നു,’ ഗാംഗുലി പറഞ്ഞു.

ബര്‍ദ്വാനില്‍ നിന്ന് നിരവധി കളിക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നും ഭാവിയിലും ഇതേ രീതിയില്‍ ജില്ലയില്‍ നിന്ന് കളിക്കാരെ റിക്രൂട്ട് ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. കോഴവിവാദത്തില്‍ നാണംകെട്ട ടീം ഇന്ത്യ തലയുയര്‍ത്തി നിന്നത് ഗാംഗുലിക്ക് കീഴിലായിരുന്നു. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബൈ എന്നീ ഇതിഹാസങ്ങളുള്ള ടീമിനെ നയിച്ചതിനൊപ്പം സെവാഗ്, യുവരാജ്, ധോണി, കൈഫ്, സഹീര്‍, ഹര്‍ഭജന്‍ എന്നീ പ്രതിഭകളെ കണ്ടെത്തിയതും ഗാംഗുലിയായിരുന്നു.