റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഏറെ ആശങ്കയോടെയാണ് ലോകം നോക്കിക്കണ്ടത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ റഷ്യയില്‍ നിന്നും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് വിതരണം തടസ്സപ്പെട്ടേക്കുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ജനുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വരവ് ഇടിയുകയല്ല, മറിച്ച് വർധിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകണമെങ്കില്‍ മാർച്ച് വരെയെങ്കിലും ആകേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പുറത്ത് വന്ന കണക്കുകളും ഇത് ശരിവെക്കുന്നു. ജനുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യ പ്രതിദിനം 1.67 ദശലക്ഷം ബാരൽ (bpd) അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് 13 ശതമാനം വർധനവ് ജനുവരിയിലുണ്ടായിരിക്കുന്നതെന്നും കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിൽ നിന്നുള്ള കണക്കുകള്‍ പറയുന്നു. ഡിസംബറിൽ റഷ്യ ഇന്ത്യയിലേക്ക് 1.48 ദശലക്ഷം ബി പി ഡി അസംസ്കൃത എണ്ണയാണ് വിതരണം ചെയ്തത്.
പുതുവർഷത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തുടരുകയാണ്. 2022 ലെ ഉക്രെയ്നും മോസ്കോയും തമ്മിലുള്ള യുദ്ധത്തിന് മുമ്പ് ഇന്ത്യയിലെ റഷ്യന്‍ ഇറക്കുമതി വിഹിതം 0.2 ശതമാനമായിരുന്നെങ്കില്‍ ഇന്ന് അത് 30 ശതമാനത്തിലധികമാണ്. ഒരു ഘട്ടത്തില്‍ 40 ശതമാനത്തിന് മുകളിലേക്ക് വരെ റഷ്യയുടെ വിഹിതം എത്തിയിരുന്നു. ജനുവരി 10 നായിരുന്നു അമേരിക്ക റഷ്യൻ എണ്ണ ഉൽപാദകരായ ഗാസ്പ്രോം, നെഫ്റ്റ്, സർഗുട്ട്നെഫ്റ്റെഗാസ് എന്നീ കമ്പനികള്‍ക്കും റഷ്യൻ എണ്ണ കയറ്റുമതി ചെയ്യുന്ന 180 ടാങ്കറുകൾക്കും ഉപരോധം ഏർപ്പെടുത്തുന്നത്.
ഉക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നതില്‍ റഷ്യയുടെ വരുമാനം തടയാനും റഷ്യയുടെ ഷാഡോ ഓയിൽ ചരക്ക് കപ്പല്‍ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമായിരുന്നു സ്ഥാനമൊഴിയുന്ന ബൈഡൻ ഭരണകൂടം ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. നിലവില്‍ ഉപരോധം ഇന്ത്യയെ ബാധിച്ചില്ലെങ്കിലും മാർച്ച് മുതല്‍ സ്ഥിതി ഇതായിരിക്കില്ല. മാർച്ച് 12 ന് ശേഷം റഷ്യയില്‍ നിന്നുള്ള ഒരു ഇടപാടിനും ഇന്ത്യന്‍ റിഫൈനറികള്‍ ഇതുവരെ തയ്യാറായിട്ടില്ല.
പരമാവധി റഷ്യന്‍ എണ്ണ എത്രയും വേഗത്തില്‍ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അളവിലെ ഈ വർധനവ് വ്യക്തമാക്കുന്നു. മാർച്ചില്‍ റഷ്യന്‍ എണ്ണയുടെ വിതരണം നിലക്കുകയാണെങ്കില്‍ സ്വാഭാവികമായും അതിന്റെ നേട്ടം ലഭിക്കുക അറബ് രാഷ്ട്രങ്ങള്‍ക്കായിരിക്കും.
ചരക്ക് കപ്പല്‍ ലഭ്യത തടസപ്പെട്ടാല്‍ ലോജിസ്റ്റിക്കിലെ നിയന്ത്രണങ്ങൾക്കും ഉയർന്ന ചിലവുകള്‍ക്കും കാരണമായേക്കും. റഷ്യൻ ക്രൂഡ് ഓയിലിന്റെ വിലയിൽ ഇളവ് ലഭിക്കുന്നത് ആകർഷകമായി തുടരുന്നുണ്ട്. എന്നിരുന്നാലും സാമ്പത്തിക ഇടപാടുകളും ഇൻഷുറൻസ് വെല്ലുവിളികളും റിഫൈനർമാരെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഇറക്കുമതിക്ക് പ്രേരിപ്പിച്ചേക്കാം. റഷ്യൻ ക്രൂഡ് ഓയിൽ അളവ് കുറഞ്ഞാൽ മിഡിൽ ഈസ്റ്റേൺ വിതരണക്കാരിൽ നിന്ന് – പ്രത്യേകിച്ച് ഇറാഖ്, സൗദി അറേബ്യ എന്നിവരില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിക്കാൻ സാധ്യതയുണ്ട്,” കെപ്ലറിലെ സീനിയർ ഓയിൽ റിഫൈനിംഗ് അനലിസ്റ്റ് സുമിത് റിറ്റോലിയയെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിയിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിലും വർധനവ് ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യ, യുഎസ്, കുവൈറ്റ്, ബ്രസീൽ തുടങ്ങിയ മറ്റ് പ്രധാന അസംസ്കൃത എണ്ണ വിതരണക്കാരുടെ വിഹിതമാണ് ഉയർന്നത്. വരും മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള വിതരണ വെല്ലുവിളികൾ ഉണ്ടായാൽ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള രാജ്യം നേരത്തെ തന്നെ തയ്യാറാകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസത്തേക്കാൾ 12 ശതമാനം (723000 ബി പി ഡി) കൂടുതൽ അസംസ്കൃത എണ്ണയാണ് സൗദി അറേബ്യ ജനുവരിയിൽ ഇന്ത്യയിലേക്ക് വിതരണം ചെയ്തത്. അതേസമയം, യു എസിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ കുത്തനേയുള്ള വർധനവിനും ജനുവരി സാക്ഷ്യം വഹിച്ചു. ഡിസംബറില്‍ യു എസില്‍ നിന്നും എത്തിയത് 66000 ബി പി ഡി ക്രൂഡ് ഓയിലാണെങ്കില്‍ ജനുവരിയില്‍ അത് 279000 ബാരലായി. അതായത് 322 ശതമാനത്തിന്റെ വർധനവ്. ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ ജനുവരിയിൽ 8 ശതമാനം കുറഞ്ഞിട്ടുമുണ്ട്.