27 in Thiruvananthapuram

ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്;

Posted by: TV Next February 6, 2025 No Comments

ന്യൂയോർക്ക്: യുദ്ധത്തിൽ തകർന്ന ഗാസ ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്‌തീനികളെ മറ്റൊരിടത്ത് പുനരധിവസിപ്പിച്ചതിന് ശേഷം യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്നും അത് വികസിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.

അപ്രതീക്ഷിതമായാണ് ട്രംപ് നിർണായക കൂടിക്കാഴ്‌ചയിൽ അസാധാരണ നിർദ്ദേശം മുന്നോട്ട് വച്ചത്. പലസ്‌തീനുകളും ഇരു രാജ്യങ്ങളും നിർദ്ദേശം പാടെ നിരസിച്ചിട്ടും, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഈജിപ്‌ത്‌, ജോർദാൻ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് പലസ്‌തീനികൾ മാറണമെന്നുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു.

 

 

അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുക്കും, ഞങ്ങൾ അതിൽ കുറച്ച് ജോലികൾ ചെയ്യും. ഞങ്ങൾ തന്നെ അത് സ്വന്തമാക്കും’ ബെഞ്ചമിൻ നെതന്യാഹുവിന് ഒപ്പമുള്ള സംയുക്ത സമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഗാസയിലെ യുഎസിന്റെ പദ്ധതികളെ കുറിച്ചുള്ള പ്രാഥമിക സൂചനകളും ഡൊണാൾഡ് ട്രംപ് പത്രസമ്മേളനത്തിൽ നൽകുകയുണ്ടായി. പൊട്ടിത്തെറിക്കാത്ത ബോംബുകൾ യുഎസ് നീക്കം ചെയ്യുമെന്നും സ്ഥലം നിരപ്പാക്കുമെന്നും തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്നും പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും പാർപ്പിടവും നൽകുന്ന ഒരു സാമ്പത്തിക വികസനം തന്നെ സൃഷ്‌ടിക്കുമെന്നും ഡൊണാൾഡ് ട്രംപ് സമ്മേളനത്തിൽ വ്യക്തമാക്കി. ‘യഥാർത്ഥത്തിൽ അവിടെ നിൽക്കുകയും അതിനായി പോരാടുകയും അവിടെ ജീവിക്കുകയും അവിടെ മരിക്കുകയും ദയനീയമായ അസ്‌തിത്വം പുലർത്തുകയും ചെയ്‌ത അതേ ആളുകൾ തന്നെ പുനർനിർമ്മാണത്തിന്റെയും അധിനിവേശത്തിന്റെയും പ്രക്രിയയിലൂടെ കടന്നുപോകരുത്’ ഗാസയിലെ ജനങ്ങളെ ആവില്ല ഇവിടെ പുനരധിവസിപ്പിക്കുക എന്ന സൂചന നൽകി കൊണ്ട് ട്രംപ് പറഞ്ഞു.

ട്രംപിനൊപ്പം സംസാരിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റിപ്പബ്ലിക്കൻ നേതാവിന്റെ ആശയം ചരിത്രം മാറ്റിമറിക്കാൻ കഴിയുന്ന ഒന്നാണെന്നും ഗാസയ്ക്ക് വേറിട്ട ഭാവിയാണ് ട്രംപ് വിഭാവനം ചെയ്യുന്നതെന്നുമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ പ്രഖ്യാപനം ആഗോള തലത്തിൽ തന്നെ വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കുമെന്നും പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയ സങ്കൽപങ്ങളെ പൊളിച്ചെഴുതുമെന്നും വിലയിരുത്തലുണ്ട്. ഇസ്രായേലും പലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസും 2023 ഒക്ടോബർ മുതൽ അടുത്തിടെ നിലവിൽ വന്ന വെടിനിർത്തൽ വരെ ഗാസയിൽ രക്തരൂക്ഷിതമായ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇസ്രായേൽ നിരന്തരം നടത്തിയ ബോംബാക്രമണം ഗാസ മുനമ്പിലെ മിക്കവാറും എല്ലാ മേഖലകളെയും വാസയോഗ്യമല്ലാതാക്കുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്‌തിരുന്നു.