തൃശൂർ: ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ സുരേഷ് ഗോപിയേയും ജോർജ് കുര്യനേയും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇരുവരും കേരളത്തിന്റെ ശാപമാണെന്നും നാടിന് ഒരു ഉപകാരവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മുരളീധരൻ വിമർശിച്ചത്. കേന്ദ്ര ബജറ്റിന് പിന്നാലെ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങളോടും മുരളീധരൻ പ്രതികരിച്ചു.
തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്നാണ് മുരളീധരന്‍ വ്യക്തമാക്കിയത്. വസ്‌തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്‌ത തെറ്റ്. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനില്ലെന്ന് പറഞ്ഞ അദ്ദേഹം അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നതെന്നും എടുത്തുപറഞ്ഞു. ഏറെക്കാലമായി ഒരു റിപ്പോര്‍ട്ടിലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് അറിയേണ്ടെന്നും മുരളീധരൻ പറയുന്നു. തൃശൂർ സീറ്റ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണം. ടിഎന്‍ പ്രതാപന്‍ തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയൂവെന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ മന്ത്രി ജോർജ് കുര്യൻ നടത്തിയ പരാമർശം വിവാദമായിരുന്നു. കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്നതും വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെ തള്ളിയതും ചോദിച്ചപ്പോൾ കേരളം പിന്നാക്ക സംസ്ഥാനം ആണെന്ന് സമ്മതിച്ചാൽ സഹായം നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിന്നാക്ക സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. കേരളം സാക്ഷരതയിലും ആരോഗ്യത്തിലും മറ്റ് മേഖലകളിലും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ് എന്ന് സമ്മതിച്ചാൽ സഹായം ലഭിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുകയെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു
ഇതിന് പുറമേ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ഉന്നതകുല ജാതൻ ആയിരിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവനയും വിവാദത്തിലായിരുന്നു. ഉന്നതകുലജാതർ കൈകാര്യം ചെയ്‌താൽ മാത്രമേ ആദിവാസി വിഭാഗങ്ങൾക്ക് ഉന്നമനം ഉണ്ടാവൂ എന്നായിരുന്നു സുരേഷ് ഗോപി ഡൽഹിയിൽ പറഞ്ഞത്. ഇത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു…