എഴുത്തുകാരി കെആർ മീരയ്ക്ക് എതിരെ പരാതി നൽകിയത് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലെന്ന് രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പോലീസിനാണ് പരാതി നൽകിയതെന്നും രാഹുൽ വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഹണി റോസ് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസിന് ബോധ്യമായ കാര്യമാണെന്നും അവർക്ക് എതിരെ 10 കോടിയുടെ മനനഷ്‌ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുകേഷ് എംഎൽഎ അടക്കമുള്ളവരുടെ കേസുകളിൽ വ്യാജ പരാതികളാണ് വന്നതെന്നും ഇത്തരം പരാതികൾ പുരുഷന്മാരെ കുടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു. നിയമസംവിധാനങ്ങൾ സ്ത്രീപക്ഷം ആയിരിക്കേണ്ട എന്ന് ആരും പറയുന്നില്ല പക്ഷേ അതൊരിക്കലും പുരുഷവിരോധം ആവാൻ പാടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ബോബി ചെമ്മണ്ണൂർ-ഹണി റോസ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.
കെആർ മീരയ്ക്ക് എതിരെ പരാതി കൊടുത്തു. എറണാകുളം സെൻട്രൽ പോലീസിനാണ് പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിൽ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്. സ്ത്രീ-പുരുഷ സ്‌പർദ്ധ പടർത്താൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ഉണ്ട്. അവർ നല്ലൊരു എഴുത്തുകാരിയാണ്, വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. പക്ഷേ ഇത്തരം പ്രസ്‌താവനകൾ അവരിൽ നിന്നോ ജസ്‌റ്റിസ് കമാൽ പാഷ സാറിൽ നിന്നോ വരാൻ പാടില്ല. സമൂഹത്തിലെ ഉന്നത പദവിയിൽ ഇരിക്കുന്ന വ്യക്തികളാണ് അവർ. കെആർ മീരയുടെ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും തെളിവായി നൽകിയിട്ടുണ്ട്. ഇത്തരം ആളുകൾ കൊലപാതകത്തെ ന്യായീകരിക്കുകയാണ്. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോവുന്നത്. മീര മാഡത്തിനെ ജയിലിൽ അടയ്ക്കണം എന്നല്ല മറിച്ച് മാതൃകാപരമായ നടപടി എങ്കിലും ഉണ്ടാവണം. നൽകിയ പരാതിയിൽ കേസെങ്കിലും എടുക്കണം. എന്നെ അപകീർത്തിപെടുത്തിയ സംഭവത്തിൽ കുമാരി ഹണി റോസിനെതിരെ വക്കീൽ നോട്ടീസും മനനഷ്‌ടക്കേസും നൽകി മുന്നോട്ട് പോവും. 10 കോടി രൂപയാണ് ആവശ്യപ്പെടുന്നത്, പക്ഷേ ചില്ലിക്കാശ് പോലും കിട്ടുമെന്ന് പ്രതീക്ഷയില്ല.
കാശിന് വേണ്ടിയല്ല. എങ്കിലും അവർ അറിയണം തങ്ങൾക്ക് എതിരെയും കേസ് വരുമെന്ന കാര്യം അവർ മനസിലാക്കണം. സോഷ്യൽ മീഡിയയിലും ഇൻസ്‌റ്റഗ്രാമിലും ഒക്കെ ഞാൻ ഓർഗനൈസ്‌ഡ് ക്രൈമിന്റെ ഭാഗമാണെന്ന് ഒക്കെ പറഞ്ഞ് പോസ്‌റ്റ് പങ്കുവച്ചിരുന്നു. അതിലൊന്നും യാതൊരു തെളിവുമില്ല. പോലീസുകാർ പോലും അത് അംഗീകരിച്ചില്ല. ഫെമിസ്‌റ്റുകളോട് എനിക്ക് ബഹുമാനമാണ്. പക്ഷേ ഫെമിനസികൾ എതിർക്കപ്പെടണം. പാശ്ചാത്യ ലോകത്ത് ഫെമിനാസികൾ എന്നാണ് വിളിക്കുന്നത്. നാസികളെ പോലെ എതിർക്കപ്പെടേണ്ട ഒന്നാണ് ഇതും. നാളെ ഷാരോൺ ഗ്രീഷ്‌മയെ കൊന്നാൽ ഞാൻ ഷാരോണിനെ ന്യായീകരിചച്ചാൽ രാഹുൽ ഈശ്വറിനെ പിടിച്ച് ജയിലിൽ ഇടില്ലേ? മരിച്ചുപോയ ഒരാളെ കുറിച്ച് പുച്ഛത്തോടെ സംസാരിച്ചാൽ എന്നെ അപ്പോൾ തന്നെ പിടിച്ച് ജയിലിൽ ഇടണം.
ന്യായം ആരുടെ ഭാഗത്താണ് എന്ന് നോക്കിയാണ് ഞാൻ നിലപാട് സ്വീകരിക്കുന്നത്. കൊൽക്കത്തയിലെ ആർജി കർ കേസിൽ വധശിക്ഷ കൊടുക്കണമായിരുന്നു. നിങ്ങൾ ആലോചിച്ച് നോക്കൂ ഞാൻ പറഞ്ഞത് ഒക്കെയും ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നമ്മുടെ എൽദോസ് കുന്നപ്പള്ളി, നിവിൻ പോളി അങ്ങനെയങ്ങനെ എത്രയോ പേർ. ബോബി ചെമ്മണ്ണൂർ ഹണി റോസിനെ വിളിച്ച പ്രയോഗം തെറ്റായി പോയെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അദ്ദേഹം കഴിഞ്ഞ 25 വർഷമായി ചെയ്യുന്ന നല്ല കാര്യങ്ങളൊക്കെ അതിൽ ഇല്ലാതായി പോവുമോ? ഒരിക്കലും ഇല്ല. എനിക്ക് ബോചെയെ ഇഷ്‌ടമാണ്. അദ്ദേഹത്തെ കേരളത്തിന്റെ ഇലോൺ മസ്‌ക് ആയിട്ടാണ് ഞാൻ നോക്കി കാണുന്നത്. ഹണി റോസിന്റെ പരാതിയെ കുറിച്ച് പോലീസുകാർക്ക് ഇടയിൽ തന്നെ ഒരു സംസാരമുണ്ടായിരുന്നു. ആദ്യ പരാതി നൽകി അതിൽ മെറിറ്റ് ഇല്ലെന്ന് കണ്ട് ഒഴിവാക്കിയതാണ് പോലീസ്. രണ്ടാമതും വന്നപ്പോൾ ഇനി കോടതി ഇടപെടുമോ എന്ന് ഭയന്നാണ് പോലീസുകാർ എനിക്കെതിരെ കേസെടുത്തത്. അയ്യോ ആ ഹണി റോസ് വീണ്ടും വന്നിട്ടുണ്ട് പരാതിയുമായി, ഇപ്പൊ കേസെടുത്തില്ലേൽ പ്രശ്‌നമാവും, ആ രാഹുൽ ഈശ്വർ കോടതിയിൽ പോയി വാദിച്ചോളും എന്നാണ് പോലീസുകാർ പറഞ്ഞത്. പുരുഷ കമ്മീഷനുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ വൈകാതെ തന്നെ എൽദോസ് കുന്നപ്പള്ളി സഭയിൽ സ്വകാര്യ ബിൽ ആയി അവതരിപ്പിക്കും. പുരുഷ കമ്മീഷനിൽ ഒരു നിയമ പരിജ്ഞാനമുള്ള സ്ത്രീ കൂടി ഉൾപ്പെടണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നടക്കുമോ എന്നറിയില്ല. ഭരണഘടനാപരമായി ഇതിന് സാധുതയുണ്ട്, യുവജന കമ്മീഷൻ പോലെ തന്നെ ഇതും പ്രവർത്തിക്കും.
ശ്രീ മുകേഷ് എംഎൽഎ രാജിവയ്‌ക്കേണ്ട ഒരു ആവശ്യവുമില്ല. അദ്ദേഹത്തിനെതിരെ പരാതി നൽകിയ നടി എത്രയോ പേരെ സമാനമായി ഭീഷണിപ്പെടുത്തി. പീഡനത്തിന് ഇരയായി എന്ന് പറയുന്ന കാലയളവിന് ശേഷവും അദ്ദേഹവുമായി ചാറ്റ് തുടർന്ന ഉമ്മയുടെ സ്മൈലി അയച്ച, ഹാർട്ട് സ്മൈലി അയച്ച അവർ ഏത് വിധത്തിലാണ് ഇരയാവുക. കാശ് തട്ടാൻ മാത്രമുള്ള പണിയാണിത്. വ്യാജ പരാതി നൽകുന്നവരും ശിക്ഷിക്കപ്പെടണം.