2023 ലെ ഒക്‌ടോബർ 7 ആക്രമണത്തിന് ശേഷം തങ്ങളുമായി ആദ്യമായി ബന്ധപ്പെട്ട വിദേശ രാഷ്ട്ര നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർകത്ത്. തീവ്രവാദം ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒക്‌ടോബർ 7 ആക്രമണത്തിന് ന് നെതന്യാഹുവിനെ ആദ്യമായി വിളിക്കുകയും ഇസ്രായേലിന് പിന്തുണ നൽകുകയും ചെയ്‌തതിനാൽ എനിക്ക് മോദിയോട് നന്ദി പറയണം. ഞങ്ങൾ അത് ഒരിക്കലും മറക്കില്ല. ഇസ്രായേലിന് നല്ല ഓർമ്മയുണ്ട്. ബുദ്ധിമുട്ടേറിയ സമയത്തെ ആ ഫോണ്‍വിളിക്ക് ഞങ്ങള്‍ ഏറെ നന്ദിയുള്ളവരാണ്’ നിർ ബർകത്ത് പറഞ്ഞു.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) യോഗത്തിൽ പങ്കെടുക്കാനെത്തിയ നിർ ബർകത്ത് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ഹമാസ് ഭീകരമായ ആക്രമാണ് നടത്തിയത്. അതിർത്തി കടന്നെത്തിയ ഹമാസ് തീവ്രവാദികള്‍ ആളുകളെ കൊല്ലുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. നിരവധിയാളുകളെ അവർ തട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ഒരു കരാറിന്റെ ഭാഗമായിട്ടാണെങ്കിലും അവരില്‍ ചിലരെ ഞങ്ങള്‍ക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
ബന്ദികളെ കൈമാറിയതിന് ശേഷം ഹമാസിന് അതിജീവിക്കാന്‍ സാധിക്കില്ല. ഇസ്രായേലിനെ അംഗീകരിക്കുന്നവരും സമാധാനം ആഗ്രഹിക്കുന്നവരും അവിടെ ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ ഹമാസ് തുനിയും. മറ്റൊരു ഒക്ടോബർ 7 സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കുക എന്നതാണ്. അവർ ജിഹാദികളാണെന്നും ഇസ്രായേല്‍ മന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ഭീകരതയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് എന്നാണ് ഇസ്രായേൽ മന്ത്രി ഇറാനെയും ഖത്തറിനെയും വിശേഷിപ്പിച്ചത്. ഇറാനും ഖത്തറും ഹിസ്ബുള്ളയ്ക്കും ഹമാസിനും ധനസഹായം നൽകുന്നുണ്ട്. ഇറാൻ ആണവശക്തിയായി മാറുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി സൗദി, ഇന്തോനേഷ്യ, മറ്റ് മിതവാദി അറബ് രാജ്യങ്ങൾ എന്നിവയുമായുള്ള അബ്രഹാം ഉടമ്പടി യഥാർത്ഥത്തിൽ വിപുലീകരിക്കാൻ കഴിയും. ഇത് നമുക്ക് മുമ്പില്‍ ഒരു പൊതു ലക്ഷ്യമാണ്. ഇന്ത്യയും ഭീകരതയുടെ വെല്ലുവിളി വലിയ തോതില്‍ നേരിടുന്നുവെന്ന് അറിയാം.
സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും ഇസ്രായേലും തമ്മിൽ വലിയ താല്‍പര്യത്തോടെ പ്രവർത്തിക്കുന്നു. ഞങ്ങൾ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റം കാഴ്ചവെകുന്നു. ഇന്ത്യ വ്യാപ്തിയിലും വലുപ്പത്തിലും ഏറെ മുന്നിലാണ്. ഇത് ഒരു നല്ല കോംമ്പോയാണ്. ഹൈടെക്, ഹെൽത്ത് ടെക്, അഗ്രോ ടെക്, ഫുഡ് ടെക്, ഡെസേർട്ട് ടെക്, അക്വാ ടെക്, എന്നിവയിൽ കൂടുതൽ ബിസിനസ്സ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഇന്ത്യയേയും ഇസ്രായേലിനെയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലൂടെയുള്ള സാമ്പത്തിക ഇടനാഴിയേയും ഇസ്രായാല്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഹൈഫ തുറമുഖം വഴിയുള്ള കോറിഡോറിനായി ഞങ്ങളും പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. സൗദിയും ജോർദാനുമൊക്കെ ഇടനാഴി സംബന്ധിച്ച് അനുകൂലമായ നിലപാട് എടുക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.