ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധനവ്. 2023 നവംബറില്‍ 3.44 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി റെക്കോര്‍ഡ് നിരക്കായ 14.86 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനവാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത് എന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
ഉത്സവം, വിവാഹ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 32.93 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 49 ശതമാനം ഉയര്‍ന്ന് 49 ബില്യണ്‍ ഡോളറായി എന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഏകദേശം 25 ശതമാനം ശരാശരി വാര്‍ഷിക വരുമാനമുള്ള സ്വര്‍ണം നവംബര്‍ വരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആസ്തികളില്‍ ഒന്നാണ്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ ശക്തമായ വിശ്വാസം രേഖപ്പെടുത്തു എന്നാണ് ഉയര്‍ന്ന ഇറക്കുമതി നിരക്ക് സൂചിപ്പിക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങള്‍, ബാങ്കുകളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്, കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കല്‍ എന്നിവയും സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂട്ടുന്നുണ്ട്.
ഡല്‍ഹിയില്‍ മഞ്ഞലോഹത്തിന്റെ വില ഈ വര്‍ഷം ഇതുവരെ 23 ശതമാനം വര്‍ധിച്ച് 10 ഗ്രാമിന് 78,350 രൂപയായി. ഈ വര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മിയെ ബാധിക്കുന്ന ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 2023-24 ല്‍ 30 ശതമാനം ഉയര്‍ന്ന് 45.54 ബില്യണ്‍ ഡോളറായി.
ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സ് സ്വിറ്റ്‌സര്‍ലന്‍ഡാണ്.ഏകദേശം 40 ശതമാനം വിഹിതവും ഇവിടെ നിന്നാണ്. യുഎഇയും (16 ശതമാനത്തിലധികം) ദക്ഷിണാഫ്രിക്കയും (ഏകദേശം 10 ശതമാനം) ആണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികവും സ്വര്‍ണമാണ്. സ്വര്‍ണ ഇറക്കുമതിയിലെ കുതിപ്പ് രാജ്യത്തിന്റെ വ്യാപാര കമ്മി നവംബറില്‍ റെക്കോര്‍ഡ് 37.84 ബില്യണ്‍ ഡോളറിലെത്തിച്ചിരുന്നു.
ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യകതയ്ക്ക് വേണ്ടിയാണ്. കഴിഞ്ഞ മാസം രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി പ്രതിവര്‍ഷം 25.32 ശതമാനം കുറഞ്ഞ് 17.43 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2024 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രാജ്യത്തിന്റെ സിഎഡി 9.7 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.