ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നാൽപ്പതിലധികം സ്ക്കൂളുകൾക്ക് നേരെ ഒരേ സമയം ബോംബ് ഭീഷണി. തിങ്കളാഴ്‌ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെ 44 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തിരിച്ചയച്ചു.
ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇമെയിൽ സന്ദേശം അയച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെ വലിയ ആശങ്കയാണ് ഉയരുന്നത്.
ബോംബുകൾ വളരെ ചെറുതാണെന്നും അവ കൃത്യമായി ഒളിപ്പിച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. കൂടാതെ ബോംബുകൾ നിർവീര്യമാക്കാൻ 30,000 ഡോളർ സന്ദേശം അയച്ച വ്യക്തി ആവശ്യപ്പെട്ടിട്ടുമുണ്ട്. ‘ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ വരുത്തില്ല, പക്ഷേ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ നിരവധി ആളുകൾക്ക് പരിക്കേൽക്കും. നിങ്ങൾ എല്ലാവരും കഷ്‌ടപ്പെടാനും കൈകാലുകൾ നഷ്‌ടപ്പെടാനും അർഹരാണ്’ എന്നും സന്ദേശത്തിൽ പറയുന്നു.
ഇമെയിലിന്റെ ഉറവിടം ഡൽഹി പോലീസ് പരിശോധിച്ച് വരികയാണ്. സ്‌കൂളുകൾ പലതും പതിവ് പോലെ പ്രവർത്തനം ആരംഭിക്കുന്ന വേളയിലാണ് ആശങ്കയായി ബോംബ് ഭീഷണി വാർത്ത വന്നതും. അപ്പോഴേക്കും പലയിടത്തും വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്തുകയും അധ്യാപകർ അസംബ്ലി അടക്കമുള്ള അടുത്ത കാര്യ പരിപാടികൾക്ക് തയ്യാറെടുക്കുകയും ചെയ്‌തിരുന്നു. ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുകളിൽ എത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതുവരെ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതോടെ ബോംബ് ഭീഷണി വ്യാജമാണോ എന്ന സംശയവും ബലപ്പെടുകയാണ്.
ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുകളിൽ എത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതുവരെ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതോടെ ബോംബ് ഭീഷണി വ്യാജമാണോ എന്ന സംശയവും ബലപ്പെടുകയാണ്.
ഈ കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ പല സ്‌കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഉയരുന്നുണ്ട്. അതെല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു.