29 in Thiruvananthapuram

റോഡിന് കുറുകെ കെട്ടിയ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

Posted by: TV Next November 25, 2024 No Comments

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡിൽ കയർ കെട്ടിയത് യാതൊരു സുരക്ഷാ മുൻകരുകലുകളും ഇല്ലാതെയാണ് എന്ന് പോലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം.ബൈക്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങി വീഴുകയായിരുന്നു. അപകടത്തിൽ സിയാദിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മുത്തൂർ ​ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന് മരം മുറിക്കുന്നതിനിടെയാണ് സംഭവം.

സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. സിയാദിന്റെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. സിയാദിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.