കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി.
അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് മേഘനാഥൻ കൈകാര്യം ചെയ്‌തത്. മലയാള സിനിമയിലെ മികവുറ്റ അഭിനേതാക്കളിൽ ഒരാളായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് കൊണ്ട് എൺപതുകളിലാണ് മേഘനാഥൻ സിനിമയിലെത്തിയത്.
തിരുവനന്തപുരത്തായിരുന്നു മേഘനാഥന്റെ ജനനം. രണ്ട് സഹോദരിമാരും സഹോദരന്മാരുമാണ് അദ്ദേഹത്തിനുള്ളത്. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.
പ്രമുഖ സംവിധായകൻ പിഎൻ മേനോൻ ഒരുക്കിയ ‘അസ്ത്രം’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തോടെയായിരുന്നു തുടക്കം. പഞ്ചാഗ്നി, നിയോഗം, ചമയം, ന്യൂസ് പേപ്പർ ബോയ്, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഒരു മറവത്തൂർ കനവ്, വെള്ളിത്തിര, നേരറിയാൻ സിബിഐ, വാസ്‌തവം എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു .
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലാണ് അവസാനമായി മേഘനാഥൻ അഭിനയിച്ചത്. കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണ് കൂടുതലായി തിളങ്ങിയതെങ്കിൽ അടുത്ത കാലത്തായി സ്വഭാവ വേഷങ്ങൾ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ വൈകാരികമായ അഭിനയത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
സിനിമകൾക്ക് പുറമേ സീരിയലുകളിലും മേഘനാഥൻ സജീവമായിരുന്നു. പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി, മേഘജീവിതം, സ്ത്രീത്വം, കഥയറിയാതെ, ധനുമാസപ്പെണ്ണ്, ചന്ദ്രേട്ടനും ശോഭേട്ടത്തിയും തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകൾ. കൂടാതെ ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടിരുന്നു.