24 in Thiruvananthapuram

തിരഞ്ഞെടുപ്പ് Live: പാലക്കാട് ബൂത്തുകളില്‍ നീണ്ടനിര, പോളിംഗ് ശതമാനത്തില്‍ പിന്നില്‍

Posted by: TV Next November 20, 2024 No Comments

കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ പല ബൂത്തുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 185 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.

 

 

790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. ആകെ 10 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് എങ്കിലും ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി സിപിഎം സ്വതന്ത്രനായ പി സരിനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി കൃഷ്ണ കുമാറുമാണ് മത്സരിക്കുന്നത്.

 

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പുരോഗമിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും ഭേദപ്പെട്ട നിലയിലാണ് പോളിംഗ് രേഖപ്പെടുത്തുന്നത്. 81 അംഗ നിയമസഭയില്‍ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. 500 ലേറെ പേരാണ് രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത്. 1.23 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

 

 

288 സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ തന്നെ സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. എന്‍ഡിഎയ്ക്ക് കീഴിലുള്ള മഹായുതി സഖ്യവും (ബിജെപി, ശിവസേന, എന്‍സിപി) ഇന്ത്യാ മുന്നണിയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യവും ( കോണ്‍ഗ്രസ്, ശിവസേന-യുബിടി, എന്‍സിപി-എസ്പി) തമ്മിലാണ് പ്രധാന പോരാട്ടം.