28 in Thiruvananthapuram
TV Next News > News > Blog > സൗദി അറേബ്യയും കുവൈത്തും ഇന്ത്യയെ കൈവിടാത്തതിന് കാരണം ഇതാണ്;

സൗദി അറേബ്യയും കുവൈത്തും ഇന്ത്യയെ കൈവിടാത്തതിന് കാരണം ഇതാണ്;

Posted by: TV Next November 13, 2024 No Comments

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഈ രണ്ട് വിപണിയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുവജനങ്ങള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയുടെ പ്രാധാന്യം ഒരുപടി മുന്നിലാണ്. യുവജനങ്ങള്‍ കുറയുന്നു എന്ന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന. ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്.

അതിവേഗം വളരുന്ന വിപണിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്തും വില കുറയ്ക്കുന്നത് ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടാണ്. വില കുറച്ച് കിട്ടുന്ന രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുക എന്ന നയമാണ് ഇന്ത്യ പിന്തുടരുന്നത്. അതിനിടെ എണ്ണ ശുദ്ധീകരണ ഹബ്ബായി മാറാനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്.

ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളുടെ ശേഷി ഇനിയും വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്ക് കൂടി എണ്ണ എത്തിക്കാന്‍ സാധിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറയുന്നു. അടുത്ത 20 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ആവശ്യമുള്ള എണ്ണയുടെ 35 ശതമാനവും ഇന്ത്യയില്‍ നിന്നാകുമെന്നാണ് മന്ത്രി നല്‍കുന്ന സൂചന.

 


എണ്ണയുടെ ആവശ്യത്തില്‍ ഒരു ശതമാനം വളര്‍ച്ചയാണ് ആഗോളതലത്തിലുണ്ടാകുക എങ്കില്‍ മൂന്ന് ശതമാനം വളര്‍ച്ച ഇന്ത്യയില്‍ മാത്രമുണ്ടാകുമത്രെ. ഇക്കാര്യത്തില്‍ വൈകാതെ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് വിലയിരുത്തല്‍. വന്‍തോതില്‍ എണ്ണ ആവശ്യം വരുന്ന മേഖലകളെ സംബന്ധിച്ച ഒപെക് റിപ്പോര്‍ട്ടിലും ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്.

2030-2050 കാലയളവില്‍ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് ഒരു ദിവസം 22 ദശലക്ഷം ബാരല്‍ എണ്ണയുടെ ആവശ്യം വരുമെന്നും ‘വേള്‍ഡ് ഓയില്‍ ഔട്ട്‌ലുക്ക് 2050’ എന്ന ഒപെക് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 80 ലക്ഷം വരും. അതേസമയം, ചൈനയില്‍ നിന്ന് 25 ലക്ഷമേ ആവശ്യമുണ്ടാകൂ എന്നും ഒപെക് വ്യക്തമാക്കുന്നു.

ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ കൂടുതല്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ ഒരുക്കുന്നത്. ഇതിന് വന്‍തോതിലുള്ള നിക്ഷേപം ഇന്ത്യ കണ്ടെത്തുകയാണ്. ഇന്ത്യയില്‍ മധ്യവര്‍ഗ ജനവിഭാഗം കൂടി വരുന്നതാണ് എണ്ണ ആവശ്യം കൂടാന്‍ ഒരു കാരണം. എണ്ണ ശുദ്ധീകരണ ശാലകള്‍ വിപുലീകരിക്കുന്നതിന് ഭാരത് പെട്രോളിയം പ്രധാന ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള പദ്ധതികളും അണിയറയിലുണ്ട്.

 

ആഗോളതലത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രാധാന്യം കണക്കിലെടുത്താണ് സൗദി അറേബ്യയും കുവൈത്തും ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കുറയ്ക്കാന്‍ തീരുമാനിച്ചതത്രെ. ഇതിന്റെ ഗുണം ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കും ലഭിക്കും. നേരത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രം എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്ന ഇന്ത്യ, നിലവില്‍ റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണി നഷ്ടപ്പെടാതിരിക്കാനാണ് പ്രധാന രാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. റഷ്യയില്‍ നിന്ന് കുറഞ്ഞ വില നല്‍കി ഇറക്കുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് ഇന്ധനമാക്കി യൂറോപ്പിലേക്ക് ഇന്ത്യ അയക്കുന്നുണ്ട്.