28 in Thiruvananthapuram
TV Next News > News > Malayalam > വീണ്ടും ട്രെയിന്‍ അപകടം, എഞ്ചിനും കോച്ചുകളും വേര്‍പെട്ട് ഓടിയത് 500 മീറ്റര്‍..! ആളപായമില്ല

വീണ്ടും ട്രെയിന്‍ അപകടം, എഞ്ചിനും കോച്ചുകളും വേര്‍പെട്ട് ഓടിയത് 500 മീറ്റര്‍..! ആളപായമില്ല

Posted by: TV Next October 25, 2024 No Comments

ചെന്നൈ: ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ കോച്ചുകളില്‍ നിന്ന് എഞ്ചിന്‍ വേര്‍പ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വെല്ലൂരിലെ കാട്പാഡിക്ക് സമീപമുള്ള തിരുവളം റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. 22 കോച്ചുകളുള്ള ട്രെയിനിന്റെ എഞ്ചിനാണ് വേര്‍പെട്ടത്.

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാട്പാടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. 500 മീറ്ററോളം ദൂരം എഞ്ചിനും കോച്ചുകളും തമ്മില്‍ വേര്‍പ്പെട്ട രീതിയിലാണ് ഓടിയത്. സംഭവസമയത്ത് നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലോ ചരിവുകളിലോ വെച്ചായിരുന്നു കോച്ചുകള്‍ വേര്‍പ്പെട്ടിരുന്നതെങ്കില്‍ വന്‍ദുരന്തത്തിന് കാരണാമാകുന്ന അപകടമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞ് പോയത്.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്കും ട്രാക്ക് ഉപയോഗിക്കുന്നതിനാല്‍ ഈ റൂട്ടിലെ ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാണ്. ‘ഉയര്‍ന്ന വേഗത ഉണ്ടായിരുന്നിട്ടും എഞ്ചിന്റെ കപ്ലിംഗുകള്‍ തകരുന്നത് അപൂര്‍വ സംഭവമാണ്. സാധാരണഗതിയില്‍ ഉയര്‍ന്ന വേഗത കാരണം കപ്ലിംഗ് അയഞ്ഞുപോകുകയും കോച്ചുകള്‍ വേര്‍പെടുത്തുകയും ചെയ്യാറുണ്ട്’, റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വിദഗ്ധ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഡബിള്‍ ഡെക്കര്‍, ബൃന്ദാവന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ നാല് ട്രെയിന്‍ സര്‍വീസുകളെങ്കിലും ഈ റൂട്ടില്‍ തടസപ്പെട്ടു. കപ്ലിംഗ് തകര്‍ന്നതിനാല്‍ കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബദല്‍ എഞ്ചിന്‍ ഘടിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. 10.45 ഓടെ അപകടത്തില്‍പ്പെട്ട ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവരൈപ്പട്ട ട്രെയിന്‍ അപകടം നടന്ന് രണ്ടാഴ്ച പോലും തികയുന്നതിന് മുന്‍പെയാണ് മറ്റൊരു അപകടം കൂടിയുണ്ടായിരിക്കുന്നത്.

കവരൈപ്പട്ട ട്രെയിന്‍ അപകടത്തില്‍ 19 പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. ഈ അപകടത്തിലും റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ അടുത്ത കാലത്തായി തുടര്‍ക്കഥയാണ്. ഇതിന്റെ പേരില്‍ പ്രതിപക്ഷം നേരത്തെ കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും എതിരെ രംഗത്തെത്തിയിരുന്നു