25 in Thiruvananthapuram
TV Next News > News > Blog > ജമ്മുകാശ്മീരിൽ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്; സ്വതന്ത്രരുമായി ചർച്ച, പിഡിപിയേയും ബന്ധപ്പെട്ടു

ജമ്മുകാശ്മീരിൽ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്; സ്വതന്ത്രരുമായി ചർച്ച, പിഡിപിയേയും ബന്ധപ്പെട്ടു

Posted by: TV Next October 8, 2024 No Comments

ജമ്മുകാശ്മീരിൽ കുതിപ്പ് തുടർന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കൂറ്റൻ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവിൽ 50 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 23 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി നാല് സീറ്റുകളിലും മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നത്.

90 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും അധികാരം പിടിക്കാൻ 2014 നേതിന് സമാനമായ കളികൾ ബി ജെ പി പുറത്തെടുക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പി ഡി പിയുടേയും സ്വതന്ത്രരുടേയും പിന്തുണ നേടാനുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ് പി ഡി പിയുമായി സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയ നാഷണൽ കോൺഫറൻസ് ഇപ്പോൾ നിലപാട് മാറ്റിയത് ശ്രദ്ധേയമായി. സഖ്യം ആവശ്യമില്ലെങ്കിലും പി ഡി പി പിന്തുണയ്ക്കാൻ തയ്യാറായാൽ സ്വീകരിക്കും എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇതിനെ തള്ളുന്നതായിരുന്നു ഒമർ അബ്ദുള്ളയുടെ നിലപാട്. ഇപ്പോൾ ഇത്തരത്തിലൊരു ചർച്ചയ്ക്ക് പ്രാധാന്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഇന്ന് വോട്ടെണ്ണൽ പുരോഗമിക്കവെ സഖ്യം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഞങ്ങൾക്ക് ആരുമായും അകൽച്ച ഇല്ലെന്ന നിലപാടാണ് ഒമർ പങ്കുവെച്ചത്. അതേസമയം സഖ്യം സംബന്ധിച്ച് പി ഡി പിയും മനസ് തുറന്നിട്ടില്ല. ഫലം വരട്ടെ എന്ന നിലപാടിലാണ് നേതൃത്വം.

 

അതിനിടെ സംസ്ഥാനത്ത് 5 പേരെ നാമനിർദ്ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവർണറുടെ അധികാരത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുണ്ട്. ജനവിധിക്ക് തുരങ്കം വെയ്ക്കുന്നതാണ് ഗവർണർക്കുള്ള അധികാരമെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നുമാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. രണ്ട് സ്ത്രീകൾ, രണ്ട് കശ്മീരി പണ്ഡിറ്റുകൾ, പാക് അധീന കശ്മീരിൽ നിന്ന് നാടുകടത്തപ്പെട്ട ഒരാൾ എന്നിങ്ങനെ അഞ്ച് പേരെ നാമനിർദേശം ചെയ്യാനുള്ള അധികാരമാണ് ഗവർണർക്കുള്ളത്.

 

ജമ്മു കാശ്മൂരിൽ 2014 ലായിരുന്നു അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമായിരുന്നു ബി ജെ പി പ്രതീക്ഷിച്ചത്. ജമ്മുവിൽ കൂറ്റൻ വിജയം നേടി കാശ്മീരിൽ സ്വതന്ത്രരുടേയും ചെറുപാർട്ടികളുടേയും പിന്തുണ ഉറപ്പാക്കി ഭരണം പിടിക്കാമെന്നായിരുന്നു പാർട്ടി കണക്ക് കൂട്ടൽ. എന്നാൽ ബി ജെ പിയുടെ കണക്കുകൂട്ടലുകൾ പാടെ തകർക്കുന്നതാണ് ഇപ്പോഴത്തെ ഫലം.