മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിയുടെ സർപ്രൈസ് വിജയം പ്രവചിച്ച് സർവേ ഫലം. ഭാസ്‌കർ റിപ്പോർട്ടർ സർവേയാണ് എംവിയുടെ ജയം പ്രവചിക്കുന്നത്. 130 മുതൽ 150 സീറ്റുകൾ വരെ നേടി സംസ്ഥാനത്ത് എംവിഎ അധികാരത്തിൽ വരുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേവലം ഭൂരിപക്ഷമായ 145 സീറ്റ് എന്ന കടമ്പ പ്രതിപക്ഷ സഖ്യം എളുപ്പത്തിൽ കടക്കുമെന്നാണ് സർവേ പറയുന്നത്
എന്നാൽ മഹാരാഷ്ട്രയിൽ അധികാര തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി പിന്നിലേക്ക് പോവുമെന്ന പ്രഖ്യാപനം അപ്രതീക്ഷിതമാണ്. കേവലം 125 മുതൽ 140 സീറ്റുകൾ വരെ മാത്രമാണ് മുന്നണിക്ക് സംസ്ഥാനത്ത് സർവേ പ്രവചിക്കുന്നുള്ളൂ. ഇത് കേവല ഭൂരിപക്ഷം തൊടാൻ പര്യാപ്‌തമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
സംസ്ഥാനത്ത് മറ്റ് പാർട്ടികൾ, സ്വതന്ത്രർ എന്നിവർക്ക് ആകെ 20-25 സീറ്റുകൾ വരെ നേടാൻ കഴിയുമെന്നും ഭാസ്‌കർ റിപ്പോർട്ടർ എക്‌സിറ്റ് പോൾ സർവേ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യത്തിന്റെ വിജയം പ്രവചിച്ച ചുരുക്കം ചില എക്‌സിറ്റ് പോളുകളിൽ ഒന്നാണ് ഇത്. അതും മികച്ച സീറ്റ് നിലയോടെ അധികാരത്തിൽ വരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയും ഭരണകക്ഷിയായ മഹായുതിയും തമ്മിൽ ശക്തമായ പോരാട്ടമാണ് ഇക്കുറി നടന്നതെന്ന് സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭയിൽ നേടിയ വമ്പൻ മുന്നേറ്റം വോട്ടാക്കി മാറ്റാമെന്നും അധികാരം തിരിച്ചുപിടിക്കാമെന്നുമുള്ള മോഹവുമായാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന എംവിഎ പോരിനിറങ്ങിയത്.
മറുവശത്ത് വെല്ലുവിളികൾ ഏറെയുണ്ടായിട്ടും ഭരണം വിടാതെ പിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് ഉണ്ടായിരുന്നത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്‌നങ്ങളും വിമത ശല്യവും ഒക്കെ ഇരുമുന്നണികളേയും അലട്ടിയിരുന്നു. എന്നാൽ ഇപ്പോഴും കൃത്യമായ മുൻതൂക്കം ആർക്കായിരിക്കും എന്ന കാര്യത്തിൽ എക്‌സിറ്റ് പോളുകൾക്കിടയിൽ വ്യത്യസ്‌ത അഭിപ്രായമാണ്.
മഹാരാഷ്ട്രയിൽ ആകെയുള്ളത് 288 സീറ്റുകളാണ്. അതിൽ 145 സീറ്റുകൾ സ്വന്തമാക്കിയത് ഭരണം നേടാമെന്നതാണ് ഫോർമുല. എങ്കിലും ഈ മാന്ത്രിക സംഖ്യ ആരാവും മറികടക്കുക എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഈ ഘട്ടത്തിൽ നൽകാൻ സർവെകൾക്കും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഇനി അന്തിമ ഫലമറിയാൻ മൂന്ന് ദിവസത്തെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. നവംബർ 23നാണ് ഫലപ്രഖ്യാപനം.