ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മിക്ക മണ്ഡലങ്ങളിലും വിഘടനവാദികളുടെ പ്രവർത്തനങ്ങള്‍ സജീവമായതിനാല്‍ പഴുതടച്ചുള്ള സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 239 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 26 ലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തുകയും ചെയ്യും.
കംഗൻ (എസ്ടി), ഗന്ദർബാൽ, ഹസ്രത്ബാൽ, ഖൻയാർ, ഹബ്ബകടൽ, ലാൽ ചൗക്ക്, ചന്നപ്പോര, സാദിബൽ, ഈദ്ഗാഹ്, സെൻട്രൽ ഷാൽടെങ്, ബുദ്ഗാം, ബീർവ, ഖാൻസാഹിബ്, ച്രാർ-ഇ-ഷെരീഫ്, ചദൂര, ഗുലാബ്ഗഡ് (എസ്ടി),റിയാസി, ശ്രീ മാതാ വൈഷ്‌ണോ ദേവി, കലക്കോട്ട് – സുന്ദർബാനി, നൗഷേര, രജൗരി (എസ്‌ടി), ബുധൽ (എസ്‌ടി), തന്നാമണ്ടി (എസ്‌ടി), സുരൻകോട്ട് (എസ്‌ടി), പൂഞ്ച് ഹവേലി, മെന്ദർ (എസ്‌ടി) തുടങ്ങിയ മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഒമർ അബ്ദുള്ള മത്സരിക്കുന്ന ഗന്ദർബാൽ, ബുദ്ഗാം സീറ്റുകളാണ് രണ്ടാം ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. നൗഷേര അസംബ്ലി സീറ്റിൽ നിന്ന് ജമ്മു കശ്മീർ ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്‌നയും സെൻട്രൽ-ഷാൽതെങ് സീറ്റിൽ നിന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് താരിഖ് ഹമീദ് കർറയും മത്സരിക്കുന്നു.
രണ്ടാം റൗണ്ടിലെ 26 സീറ്റുകളിൽ 15 എണ്ണവും വിഘടനവാദികളുടെ ശക്തികേന്ദ്രമായിരുന്ന മധ്യ കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിന് ചുറ്റുമുള്ള പല പ്രദേശങ്ങളിലും വിഘടനവാദികൾക്ക് കാര്യമായ ശക്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഖന്യാർ, സെദ്ബാൽ, ലാൽ ചൗക്ക്, ഈദ്ഗാഹ് ഹസ്രത്ബൽ എന്നിവയുൾപ്പെടെ വിഘടനവാദികൾക്ക് ആധിപത്യമുള്ള ഈ പ്രദേശങ്ങളിൽ മുന്‍കാലങ്ങളില്‍ വോട്ടിംഗ് ശതമാനം വളരെ കുറവായിരുന്നു.
അതേസമയം, സെപ്തംബർ 18ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം 61.13 ആണ്. 2014-ലെ റെക്കോർഡ് കണക്കിനേക്കാൾ (66 ശതമാനം) കുറവുമായിരുന്നു ഇത്. മൂന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. ഹരിയാനയിലെ വോട്ടെണ്ണലിനൊപ്പം ഒക്‌ടോബർ എട്ടിന് വോട്ടെണ്ണലും നടക്കും.