സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരോ സൗദി നിവാസിയും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മയാണ് ഓരോ ദേശീയ ദിനത്തിലൂടേയും പുതുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും.
സൗദി അറേബ്യയുടെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പും അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നുവെന്നതാണ് സന്തോഷ വാർത്ത.
125000 പുഷ്‌പങ്ങൾ കൊണ്ട് 94 സ്ക്വയർ മീറ്ററിലാണ് 94-ാം സൗദി ദേശീയ ദിന ലോഗോ നിർമ്മിച്ചത്. പ്രശസ്‌ത ശില്‍പ്പിയും കലാകാരനുമായ ഡാവിഞ്ചി സുരേഷിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകളെടുത്താണ് സൃഷ്ടി പൂർത്തീകരിച്ചത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവർണറേറ്റ്, മുനസിപ്പാലിറ്റി എന്നിവരുമായി സഹകരിച്ചായിരുന്നു ലുലു ഗ്രൂപ്പ് പ്രദർശനം ഒരുക്കിയത്.
ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശനം എന്ന നിലയിലാണ് ഗിന്നസ് റെക്കോർഡ് തേടിയെത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ജിദ്ദ റോഷൻ വാട്ടർഫ്രണ്ടിലെ പരിപാടിക്ക് സാക്ഷ്യം വഹിക്കാനായി എത്തിയത്.ഗിന്നസ് റെക്കോർഡ്‌സ് അഡ്‌ജുഡിക്കേറ്റർ എംബാലി മസെചബ എൻകോസ് ലുലു ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
സൗദി ദേശീയ ദിനാഘോഷ വേളയിൽ ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു. സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജനൽ ഡയറക്ട്‌ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിക്ക് സാക്ഷ്യം വഹിക്കാനായി എത്തിയവർക്ക് നിരവധി ഗെയിമുകളും ലുലു ഗ്രൂപ്പ് അണിയിച്ചൊരുക്കിയിരുന്നു. പരിപാടികളില്‍ വിജയിച്ചവർക്ക് ഐഫോൺ, ഇയർപോഡ്, ടിവി, എക്‌സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തു.