27 in Thiruvananthapuram
TV Next News > News > Business > ആപ്പിൾ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തി; ഐഫോൺ 16 വിൽപ്പന ഇന്ന് മുതൽ, വാങ്ങാൻ എവിടെ കിട്ടും?

ആപ്പിൾ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തി; ഐഫോൺ 16 വിൽപ്പന ഇന്ന് മുതൽ, വാങ്ങാൻ എവിടെ കിട്ടും?

Posted by: TV Next September 20, 2024 No Comments

ആപ്പിൾ എന്ന് കേട്ടാൽ സ്‍മാർട്ട്ഫോൺ പ്രേമികൾക്ക് രോമാഞ്ചമാണ്, അപ്പൊ പിന്നെ ഐഫോൺ എന്ന് തികച്ചു പറയാതെ തന്നെ അവർ എല്ലാം മറന്ന് നിൽക്കും. അങ്ങനെയുള്ള ഒരു വിഭാഗത്തിന് മുൻപിലേക്കാണ് ആപ്പിൾ തങ്ങളുടെ എല്ലാമെല്ലാമായ പുത്തൻ സ്‍മാർട്ട് ഫോൺ കൊമ്പനെ ഇറക്കിവിട്ടത്. ലോഞ്ച് ചെയ്‌ത്‌ ഒരാഴ്‌ച പിന്നിട്ടെങ്കിലും ഫോണിന്റെ പ്രീ ബുക്കിംഗ് മാത്രമായിരുന്നു ആപ്പിൾ ആരംഭിച്ചത്. എന്നാൽ ആ കാത്തിരിപ്പിന് ഒക്കെയും വിരാമം ആയിരിക്കുകയാണ്.

 

തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണായ ഐഫോൺ 16 സീരീസിന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ. സെപ്റ്റംബർ 13 മുതലായിരുന്നു ഈ സീരീസ് പ്രീ ബുക്കിംഗ് ആപ്പിൾ ആരംഭിച്ചത്. ഇതിന് ഒരാഴ്‌ച കൃത്യം പിന്നിടുമ്പഴേക്കും ആപ്പിൾ തങ്ങളുടെ പുതിയ ഉത്പന്നം ഉപഭോക്താക്കളിലേക്ക് എത്തിച്ചു തുടങ്ങുകയാണ്.

 

ഏറ്റവും വലിയ കാര്യം എന്തെന്നാൽ ഇതുവരെ കടലാസിൽ പുലി ആയിരുന്ന ഈ മോഡലിന്റെ യഥാർത്ഥ യുസർ എക്‌സ്‌പീരിയൻസ് എന്തെന്ന് അധികം വൈകാതെ ലോകം അറിയുമെന്നതാണ്. അതിനാണ് കൂടുതൽ ഉപഭോക്താക്കളും കാത്തിരിക്കുന്നത്. ഇനി ഫോണിന്റെ ലോഞ്ച് പ്രൈസ്, കൂടാതെ മറ്റ് ഓഫറുകൾ എന്നിവ എന്തൊക്കെ ആണെന്ന് പരിശോധിക്കാം.

 

ഇന്ന് രാവിലെ എട്ട് മണി മുതൽ രാജ്യത്തെ ആപ്പിൾ സ്‌റ്റോറുകൾ മുഖേന ആളുകൾക്ക് പ്രീ ഓർഡർ ചെയ്‌ത ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇതിനായി ഒന്നുകിൽ മുംബൈയിലെ ആപ്പിൾ ബികെസി സ്‌റ്റോറിലേക്കോ ഡൽഹിയിലെ ആപ്പിൾ സാകേതിലെ സ്‌റ്റോറിലേക്കോ പോവേണ്ടതുണ്ട്. ഇതൊന്നും ഇല്ലാതെ ഓൺലൈനായി ഓർഡർ ചെയ്‌ത ആളുകൾക്ക് ഇന്ന് മുതൽ ഐഫോൺ 16 എത്തി തുടങ്ങും.

 

ഫോണിന്റെ വില വിവരം: ഐഫോൺ 16 128ജിബി: 79,900 രൂപ, 256ജിബി 89,900 രൂപ, 512ജിബി: 1,09,900 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന മോഡലിന്റെ മൂന്ന് വേരിയന്റുകൾക്ക് നിശ്ചയിച്ച വില. പ്ലസ് മോഡൽ ആവട്ടെ 128ജിബി: 89,900 രൂപയ്ക്കും 256ജിബി 99,900 രൂപയ്ക്കും 512ജിബി 1,11,900 രൂപയ്ക്കും വാങ്ങാം. കുറച്ചുകൂടി മുന്തിയ പ്രോ മോഡൽ 128ജിബിക്ക് 1,19,900 രൂപ, 256ജിബിക്ക് 1,29,900 രൂപ, 512ജിബിക്ക് 1,49,900 രൂപ, 1ടിബി: 1,69,900 രൂപ എന്നീ വിലയിലും വാങ്ങാം.

ഏറ്റവും മുന്തിയ മോഡലായി കണക്കാക്കപ്പെടുന്ന 256ജിബി: 1,44,900 രൂപയ്ക്കും 512ജിബി: 1,64,900 രൂപയ്ക്കും 1ടിബി വേരിയന്റിന് 1,84,900 രൂപയ്ക്കും സ്വന്തമാക്കാം. നിലവിൽ ആപ്പിൾ പ്രത്യേക ലോഞ്ച് ഓഫറുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവിധ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് അഡീഷണൽ ഡിസ്‌കൗണ്ട് ലഭ്യമാവും.

 

അടിസ്ഥാന, പ്ലസ് വേരിയന്റുകളിൽ കാര്യമായ മാറ്റമൊന്നും ആപ്പിൾ വരുത്തിയിട്ടില്ല എന്ന് വേണം പറയാൻ. ക്യാമറ ലൈൻമെന്റിൽ ചെറിയ വ്യത്യാസവും ഒപ്പം ആക്ഷൻ,ക്യാപ്ച്ചർ ബട്ടണുകളുടെ ഉൾപ്പെടുത്താലും മറ്റ് ഘടകങ്ങളാണ്. പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ക്യാമറ അലൈൻമെന്റ് മാറിയിട്ടില്ല. എന്നാൽ അവയുടെ മറ്റ് ഫീച്ചറുകൾ മാറിയിട്ടുണ്ട്, ഒപ്പം ആപ്പിൾ ഇന്റലിജൻസും ഒപ്പം ചേർത്തിട്ടുണ്ട്.