27 in Thiruvananthapuram
TV Next News > News > International > ലെബനനില്‍ വീണ്ടും തുടര്‍ സ്‌ഫോടനങ്ങള്‍; ശവസംസ്‌കാരത്തിനിടെ പൊട്ടിത്തെറി, 9 മരണം

ലെബനനില്‍ വീണ്ടും തുടര്‍ സ്‌ഫോടനങ്ങള്‍; ശവസംസ്‌കാരത്തിനിടെ പൊട്ടിത്തെറി, 9 മരണം

Posted by: TV Next September 19, 2024 No Comments

ബെയ്‌റൂട്ട്: ലെബനനെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടന പരമ്പര. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലെബനനില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളില്‍ വാക്കി ടോക്കി യന്ത്രങ്ങള്‍ ഇന്ന് പൊട്ടിത്തെറിച്ചു. ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന റേഡിയോകളും പൊട്ടിത്തെറിച്ചവയില്‍ ഉണ്ട്. ലെബനനിലെ മൂന്നിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

ബെയ്‌റൂട്ട്, ബെക്കാ വാലി, സതേണ്‍ ലെബനന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടന പരമ്പരയുണ്ടായതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ മൂവായിരത്തോളം ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ബെയ്‌റൂട്ടിലെ നിരവധി മേഖലകളില്‍ വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോജര്‍ജ സംവിധാനങ്ങള്‍ പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെയ്‌റൂത്ത് നഗരത്തിലാകെ സ്‌ഫോടനത്തെ തുടര്‍ന്ന് പുകയില്‍ മൂടിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുരത്തുവിട്ടു. ബെയ്‌റൂത്തിലും സതേണ്‍ ലെബനനിലും പഴയ പേജറുകള്‍ വീടുകള്‍ക്കുള്ളില്‍ വെച്ച് പൊട്ടിത്തെറിച്ചുവെന്ന് ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബെയ്‌റൂട്ടിലെയും ബാല്‍ബെക്കിലെയും ആശുപത്രികളിലേക്ക് പരുക്കേറ്റവരെ മാറ്റിയിരിക്കുകയാണ്. ബെക്കായിലെ അലി അല്‍ നഹ്‌റിയിലെ ഗ്രാമത്തിലുള്ള റോഡില്‍ വെച്ച് ഒരു ഉപകരം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്നത്തെ സ്‌ഫോടനത്തില്‍ മൂന്നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പേജര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ ബെക്കായിലെ സെമിത്തേരിയില്‍ കാറിനുള്ളില്‍ പേജര്‍ പൊട്ടിത്തെറിച്ചു.ബെയ്‌റൂട്ടിലെ ദക്ഷിണ മേഖലയായ ദഹിയേഹില്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സ്‌ഫോടനങ്ങളുണ്ടായി.

കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിനിടയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്. സ്ത്രീകളും കുട്ടികളുമെല്ലാം സംസ്‌കാര ചടങ്ങുകളില്‍ ഉണ്ടായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സ്‌ഫോടനം നടന്നത്.


പൊട്ടിത്തെറിച്ച വയര്‍ലെസ് റേഡിയോ ഡിവൈസുകളും, വാക്കി ടോക്കികളും അഞ്ച് മാസം മുമ്പാണ് ലെബനനില്‍ എത്തിയത്. പേജറുകളും ഈ സമയത്ത് തന്നെ ഹിസ്ബുള്ളയുടെ ശേഖരത്തില്‍ എത്തിയത്. ഇസ്രായേലാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു.

ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള ഇന്ന് അവകാശപ്പെട്ടിരുന്നു. ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് ആബിയാദ് സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ മൊസാദാണെന്ന ആരോപണം ഇതുവരെ ഇസ്രായേല്‍ നിഷേധിച്ചിട്ടില്ല.