29 in Thiruvananthapuram
TV Next News > News > International > ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; കര്‍ഫ്യൂ ഇന്ന് പിന്‍വലിക്കുമെന്ന് സൈന്യം

ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; കര്‍ഫ്യൂ ഇന്ന് പിന്‍വലിക്കുമെന്ന് സൈന്യം

Posted by: TV Next August 6, 2024 No Comments

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യം വിട്ടതോടെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.


ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും. അതിനിടെ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ പറഞ്ഞിരുന്നു. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സൈന്യവും പൊലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏര്‍പ്പെടരുതെന്ന് ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇനി ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ കടമ’, അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ചൊവ്വാഴ്ചയോട പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി സ്‌കൂളുകള്‍, ബിസിനസുകള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവ വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യം വിട്ട ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയില്‍ ആണ് അഭയം തേടിയിരിക്കുന്നത്. എയര്‍ബേസിലെ ഒരു സുരക്ഷിത ഭവനത്തില്‍ തുടരുന്ന ഹസീന ഭാവി നടപടി തീരുമാനിക്കുന്നത് വരെ അവിടെ തുടരും. യുകെയില്‍ അഭയം തേടാനാണ് ഷെയ്ഖ് ഹസീന പദ്ധതിയിടുന്നത് എന്നാണ് വിവരം. അതേസമയം ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

ബംഗ്ലാദേശ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ഹസീനയുടെ അവാമി ലീഗ് ഭരണത്തിന് കീഴില്‍ ബംഗ്ലാദേശുമായി നല്ല ബന്ധമായിരുന്നു ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്നു. അതിനിടെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും പാസഞ്ചര്‍, ചരക്ക് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തിനെതിരായ പ്രതിഷേധമാണ് ബംഗ്ലാദേശിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന തരത്തില്‍ കലാശിച്ചിരിക്കുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ പ്രതിഷേധം ആരംഭിച്ചത്. ധാക്ക സര്‍വകലാശാലയില്‍ നിന്നായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. ഞായറാഴ്ച 98 പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഇന്നലെ കര്‍ഫ്യൂ ലംഘിച്ചും നാല് ലക്ഷത്തോളം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭനിലേക്ക് ഇരച്ചുകയറി. രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഇവിടത്തെ ടെലിവിഷനുകളും കസേരകളും മേശകളും ചിലര്‍ കൊണ്ടുപോയി. 1971-ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യുന്ന സര്‍ക്കാര്‍ ക്വാട്ട സമ്പ്രദായമാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്. ഈ നയം സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിപ്പിക്കുകയും ബംഗ്ലാദേശിലെ പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സമാധാനപരമായ പ്രകടനങ്ങളായി ആരംഭിച്ച പ്രതിഷേധം പിന്നീട് കൂടുതല്‍ അക്രമാസക്തമാവുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. ഹസീന രാജ്യം വിട്ടതോടെയാണ് ഭരണശൂന്യത നികത്താന്‍ ബംഗ്ലാദേശ് സൈന്യം രംഗത്തെത്തിയത്.