24 in Thiruvananthapuram

കുവൈത്ത് ഗോളടിക്കുന്നു; സൗദി അറേബ്യ, ഇറാഖ് ഒപ്പം, ഇന്ത്യയ്ക്ക് ആശ്വാസം, ക്രൂഡ് ഓയില്‍ ഒഴുക്ക്

Posted by: TV Next November 12, 2025 No Comments

റഷ്യയുടെ ക്രൂഡ് ഓയില്‍ കുറയ്ക്കുന്നതിന് പകരം ഇന്ത്യന്‍ എണ്ണ കമ്പനികള്‍ എന്ത് നീക്കം നടത്തുമെന്ന് നേരത്തെ ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ബദല്‍മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ. പശ്ചിമേഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ അളവ് കുത്തനെ കൂട്ടി. ഡിസംബറിലേക്കുള്ള എണ്ണയില്‍ കൂടുതലും വരുന്നത് മൂന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.

സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവ് ഇന്ത്യ കൂട്ടിയിരിക്കുകയാണ്. മൂന്നും ഒപെക് രാജ്യങ്ങളാണ്. റഷ്യയുടെ എണ്ണ കുറയ്ക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വിതരണം ചെയ്യും. അതോടൊപ്പം വില കുറയ്്ക്കാനും അവര്‍ തീരുമാനിച്ചത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം.

ഡിസംബറില്‍ സൗദി അറേബ്യയും കുവൈത്തും ഇറാഖും കൂടുതല്‍ എണ്ണ ഇന്ത്യയിലേക്ക് അയക്കും. റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം കാരണം റഷ്യയുടെ എണ്ണ പഴയ അളവില്‍ വാങ്ങാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും തടസമുണ്ട്. ഈ സാഹചര്യത്തിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അവസരം മുതലെടുക്കുന്നത്.

സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോ, ഇറാഖിന്റെ എണ്ണ വിതരണ ചുമതലയുള്ള സോമോ എന്നിവര്‍ക്കു പുറമെ കുവൈത്ത് പെട്രോളിയം എണ്ണ കമ്പനിയുമാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ അയക്കുക. സൗദി അരാംകോയും സോമോയും ക്രൂഡ് ഓയില്‍ വില കുറച്ചു കൊണ്ട് അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ അയക്കുന്നതും.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഒഎന്‍ജിസി എന്നീ പൊതുമേഖലാ കമ്പനികള്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചു. യുഎഇ, അമേരിക്ക, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 20 ലക്ഷം ബാരലും യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് 20 ലക്ഷം ബാരലുമാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിസംബറിലേക്ക് വാങ്ങിയത്.

അതേസമയം, ഒഎന്‍ജിസിയുടെ മംഗലാപുരം റിഫൈനറിയിലേക്ക് 10 ലക്ഷം ബാരല്‍ എണ്ണ അധികമായി വാങ്ങിയത് ഇറാഖിലെ ബസറയില്‍ നിന്നാണ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയെ ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ അംഗോളയ്ക്ക് മുഖ്യ പങ്കുണ്ടെന്ന് അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞിരുന്നു.

റഷ്യയില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത് റുസ്‌നെഫ്റ്റ്, ലുക്കോയില്‍ ക്രൂഡുകളായിരുന്നു. ഇവയ്ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതാണ് ഇന്ത്യയും ചൈനയും വെട്ടിലാക്കിയത്. നവംബര്‍ 21 മുതല്‍ അമേരിക്കയുടെ ഉപരോധം നിലവില്‍ വരുമെങ്കിലും റഷ്യയുടെ ക്രൂഡ് ഓയില്‍ പൂര്‍ണമായും ഇന്ത്യന്‍ കമ്പനികള്‍ ഒറ്റയടിക്ക് നിര്‍ത്തിവയ്ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.