കൊച്ചി: ആഗോള മാരിടൈം ഹബ്ബ് എന്ന ലക്ഷ്യത്തിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് കൊച്ചി. നഗരത്തിലെ വികസന പ്രവർത്തനത്തിനൊപ്പം തന്നെ തുറമുഖവും അനുബന്ധ മേഖലയും വികസിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് നമുക്ക് പറയാം. എങ്കിലും അത് അത്ര എളുപ്പമാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ഇപ്പോൾ ഉള്ളതിനേക്കാൾ ഒരുപാട് ഇരട്ടി സൗകര്യങ്ങളും മറ്റും കൊച്ചിയിലേക്ക് എത്തിക്കേണ്ടി വരും.
നിലവിൽ ആഗോള കപ്പല്‍ നിര്‍മ്മാണരംഗത്ത് ഇന്ത്യ പതിനാറാം സ്ഥാനത്താണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിഹിതം 93 ശതമാനമായിരിക്കുമ്പോൾ അത്ര തന്നെ സാധ്യതകൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയുടേത് കേവലം ഒരു ശതമാനം മാത്രമാണ് എന്ന് പറയുമ്പോഴാണ് നാം ഈ മേഖലയിൽ എവിടെ എത്തി നിൽക്കുന്നു എന്ന ചോദ്യം ഉയരുക.ഒരുപാട് സാധ്യതകള്‍ ഈ രംഗത്ത്ഉണ്ടായിരുന്നിട്ടും മറ്റു രാജ്യങ്ങളേക്കാള്‍ 25 ശതമാനത്തോളം അധികമായ നിര്‍മ്മാണച്ചെലവാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയായി നിൽക്കുന്നതെന്ന് കാണാം. യൂറോപ്പ്, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ഇറക്കുമതി ഈ നിർമ്മാണ ചിലവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്.
ഇതോടൊപ്പം അനുബന്ധ വ്യവസായങ്ങളുടെ അഭാവവും ഇവിടെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഇതിനെ മറികടക്കാത്ത പക്ഷം ഇന്ത്യയ്ക്ക് കപ്പൽ നിർമ്മാണ മേഖലയിൽ ഒരിക്കലും ശോഭിക്കാൻ സാധിക്കുകയില്ലെന്ന് തന്നെ പറയാം. അവിടെയാണ് കൊച്ചിയുടെ സാധ്യതകൾ നിലനിൽക്കുന്നത്, പോരായ്‌മകൾ ഏറെയുണ്ടെങ്കിലും അതൊക്കെയും പരിഹരിക്കാവുന്ന മാത്രമാണ്.ഇന്ത്യയെ സംബന്ധിച്ച് വേറെയും വെല്ലുവിളികൾ ഈ മേഖലയിലുണ്ടെന്ന് കാണാം. കുറഞ്ഞ ഉത്പാദനക്ഷമത, വിദഗ്‌ധ തൊഴിലാളികളുടെ കുറവ്, കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലെ മെല്ലെപോക്ക് നയങ്ങള്‍ എന്നിവയും ഈ മേഖലയുടെ ത്വരിത വളർച്ചയെ പിന്നിലേക്ക് വലിക്കുന്ന കാര്യങ്ങളാണ്.
കൊച്ചിക്ക് നിലവിൽ പ്രാദേശിക തലത്തില്‍ കൃത്യമായ അടിത്തറയുണ്ടെങ്കിലും, അവയെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോൾ മതിയാവാതെ വരും. അതായത് ആഗോള തലത്തില്‍ ഒന്നാമതെത്താന്‍ വലിയ മാറ്റം അനിവാര്യമാണ് എന്നർത്ഥം. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് പക്ഷേ ഒരുപരിധിവരെ ഇതിനെ ഒക്കെ മാറ്റിയെടുക്കാൻ സാധിക്കും.
ഇവിടുത്തെ മറ്റ് സൗകര്യങ്ങൾ അതിനെ സഹായിക്കും. അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, സതേണ്‍ നേവല്‍ കമാന്‍ഡ്, കൊച്ചി റിഫൈനറി, പെട്രോനെറ്റ് എൽഎൻജി, നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എന്നിങ്ങനെ അനവധി ചെറുതും വലുതുമായ ബോട്ട്‌യാഡുകള്‍, ഷിപ്പ്‌യാഡുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൊച്ചിയെ ഒരു സമ്പൂര്‍ണ്ണ മാരിടൈം ഹബ്ബായി മാറ്റുന്നതിന് ഉതകുന്നതാണ്.
രാജ്യത്തെ മികച്ച നേവല്‍ ആര്‍ക്കിടെക്റ്റുകളെയും മറൈന്‍ എഞ്ചിനീയര്‍മാരെയും വാര്‍ത്തെടുക്കുന്ന നിരവധി പ്രമുഖ മാരിടൈം വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെ ആസ്ഥാനം കൂടിയാണ് കൊച്ചി നഗരമെന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു. എങ്കിലും ദക്ഷിണകൊറിയ, നോർവേ എന്നിങ്ങനെയുള്ള രാജ്യങ്ങളിലേത് പോലെ കൃത്യമായ സംവിധാനങ്ങൾ കൊണ്ട് വന്നെങ്കിൽ മാത്രമേ പ്രകടമായ മാറ്റം ഇവിടെ വരുത്താൻ സാധിക്കുകയുള്ളൂ.
നിലവിൽ കപ്പൽ നിർമാണ രംഗത്തെ സിംഹഭാഗവും കൈയ്യാളുന്ന ജപ്പാനും ദക്ഷിണ കൊറിയയും കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി വൈദഗ്ധ്യവുമുള്ള തൊഴിലാളികൾ, ശക്തമായ സമ്പദ്‌വ്യവസ്ഥ, അതിവേഗം വളരുന്ന ആഭ്യന്തര വിപണി എന്നിവയുള്ള ഇന്ത്യയ്ക്ക് കപ്പൽ നിർമ്മാണ മേഖലയിൽ ബഹുദൂരം മുന്നേറാനാകും, അതിനെ നയിക്കേണ്ടത് കൊച്ചിയാണ്.
അടുത്തിടെ കേന്ദ്ര സർക്കാർ 69,725 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തിയിരുന്നു. കപ്പല്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, മറ്റ് സമുദ്ര സംബന്ധിയായ മേഖലകളിലെ വികസനം എന്നിവയുടെ ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 4.5 ലക്ഷം കോടിയുടെ നിക്ഷേപം കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കൊച്ചിക്ക് ഗുണകരമാവും എന്നാണ് വിലയിരുത്തൽ.
