ഹെല്‍മെറ്റ് ധരിക്കുന്നതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം തലയുടെ സുരക്ഷയാണ്. അപകടങ്ങളില്‍ ഹെല്‍മെറ്റിന് സുരക്ഷ നല്‍കാന്‍ കഴിയുമെന്ന് ഇതിനകം പല സംഭവങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചില സ്ത്രീകളും യുവാക്കളും ഒക്കെ പലപ്പോഴും ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. മുടി ചീത്തയാകും എന്ന് കാരണം പറഞ്ഞാണ് പലരും ഹെല്‍മറ്റിനോട് നോ പറയുന്നത്.
എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെയാണ് അപകടത്തില്‍പ്പെടുന്നത്. രണ്ടാമത്തെ പ്രാധാന്യമാണ് മുടിക്ക് നല്‍കേണ്ടത്. മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട് താനും. അതിനാല്‍ മുടിയെ കരുതി ജീവന്‍ അപകടപ്പെടുത്തേണ്ട കാര്യമില്ല.ദിവസേന ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പും എണ്ണമെഴക്കും പൊടിയുമൊക്കെ ശിരോചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാകുന്നതിന് കാരണമായേക്കാം. ഇത് ചൊറിച്ചില്‍ അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഹെല്‍മെറ്റ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും അപകടമാണ്. ഹെല്‍മെറ്റ് വച്ചുള്ള ദീര്‍ഘനേരമുള്ള യാത്രകളുടെ ഫലമായി ചര്‍മ്മസുഷിരങ്ങള്‍ അടയാനും മുടി പൊട്ടിപ്പോകാനും സാധ്യതയുണ്ട്.
മുടി പൊട്ടിപ്പോകുന്നത് തടയാനും തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കാനും ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കുക.എന്നും ഉപയോഗിക്കുന്നതിലൂടെ എണ്ണമെഴുക്കും വിയര്‍പ്പും പൊടിയുമൊക്കെ ഹെല്‍മെറ്റിലെ സോഫ്റ്റ് ആയിട്ടുള്ള പാഡിങ്ങില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും വളരാനുള്ള ഇടം സൃഷ്ടിക്കും. ഹെല്‍മെറ്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരാനും തലയോട്ടിയില്‍ അസ്വസ്ഥതകള്‍ക്കും വേറെ കാരണം ഒന്നും വേണ്ട. ഹെല്‍മെറ്റ് ലൈനര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഊരിയെടുത്ത് കഴുകുന്നത് നല്ലതാണ്. ഇനി ഊരിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആന്റി ബാക്ടീരിയല്‍ സ്‌പ്രേയോ വീര്യം കുറഞ്ഞ സോപ്പോ നനഞ്ഞ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കുക. കഴുകിയ ശേഷം നല്ല വായു സഞ്ചാരമുള്ള, സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വച്ച് ഉണക്കിയെടുക്കുക. ഹെല്‍മെറ്റ് നനഞ്ഞിരുന്നാല്‍ അതില്‍ നിന്ന് ദുര്‍ഗന്ധം വരും. ഇത് ബാക്ടീരിയകള്‍ക്കും ഫംഗസിനും വളരാന്‍ അന്തരീക്ഷമുണ്ടാക്കും.
തലയോട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതാണ് ഹെല്‍മെറ്റ്. അതിനാല്‍ തലയോട്ടിയിലെ അഴുക്കും പൊടിയും എണ്ണമയവും ഒക്കെ ഹെല്‍മെറ്റിലും പടരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ നേര്‍ത്ത കോട്ടണ്‍ തൊപ്പിയോ അല്ലെങ്കില്‍ മൈക്രോഫൈബര്‍ കൊണ്ടുള്ള തൊപ്പിയോ ധരിക്കുക. ഇത് തലയോട്ടിക്കും മുടിക്കും ഹെല്‍മെറ്റിനും ഇടയില്‍ ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും. ഈ തൊപ്പി യാത്ര ചെയ്യുമ്പോള്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നു. ഇത് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുന്നു. ഹെല്‍മെറ്റില്‍ അഴുക്കും എണ്ണമയവും അടിഞ്ഞുകൂടുന്നതും തടയുന്നു.
പുറത്തുപോയി തിരിച്ചു വരുമ്പോള്‍ തലയോട്ടിയില്‍ വിയര്‍പ്പും പൊടിയും എണ്ണമയവും എല്ലാം അടിഞ്ഞു കൂടിയിട്ടുണ്ടാവും. ഇത് അവഗണിച്ചാല്‍ മുടിയിഴകള്‍ ഒട്ടിപ്പിടിക്കുകയും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ നീണ്ട യാത്രകള്‍ പോയി വന്നശേഷം മുടി കഴുകുന്നത് ശീലമാക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താതെ തന്നെ വൃത്തിയാക്കാന്‍ സഹായിക്കും.
പുറത്തേക്ക് പോകുന്നതിനു മുമ്പ് ഹെയര്‍ ഓയില്‍, ജെല്‍, വാക്‌സ് എന്നിവ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്യുന്നത് ഒഴിവാക്കുക, ഈ ഉല്‍പ്പന്നങ്ങളും ഹെല്‍മെറ്റിനുള്ളിലെ വിയര്‍പ്പും ചൂടുമായി കലരുമ്പോള്‍ തലയോട്ടിയില്‍ ചൊറിച്ചിലിനും അസ്വസ്ഥതകള്‍ക്കും കാരണമാകും.ഹെല്‍മെറ്റുകള്‍ പലരുമായും പങ്കിടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹെല്‍മെറ്റുകള്‍ പങ്കിടുന്നത് താരനും മറ്റും മറ്റൊരു തലയോട്ടിയിലേക്ക് പടരാന്‍ കാരണമാകും. പുറമേ ഹെല്‍മെറ്റ് വൃത്തിയാണെന്ന് തോന്നിയാലും അതിന്റെ പാഡിങ്ങില്‍ ബാക്ടീരിയകള്‍ തങ്ങി നില്‍ക്കുന്നുണ്ടാകും. ഇനി ഹെല്‍മെറ്റ് കടം വാങ്ങേണ്ടി വന്നാല്‍ തലമുടിക്ക് ഒരു സംരക്ഷണ പാളി പോലെ മൈക്രോഫൈബര്‍ തൊപ്പി ധരിക്കുക.
ഹെല്‍മെറ്റ് വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുക. പലരും ചെയ്യുന്ന കാര്യമാണ് അലമാരിയിലും മറ്റ് അടഞ്ഞ സ്ഥലങ്ങളിലും സൂക്ഷിക്കുന്നത്. അടച്ചിട്ട സ്ഥലത്ത് ഹെല്‍മെറ്റ് സൂക്ഷിക്കുന്നത് ബാക്ടീരിയയും ഫംഗസും വളരാന്‍ കാരണമാകും. വായു സഞ്ചാരമുള്ള സ്ഥലത്ത് വച്ചാല്‍ ഹെല്‍മെറ്റില്‍ ബാക്ടീരിയയും ഫംഗസും അറിഞ്ഞുകൂടുന്നത് തടയാന്‍ കഴിയും.