2017-ൽ പുറത്തിറങ്ങിയ ‘സർവ്വോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മമിത ബൈജു. പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മമിത തൻ്റെ കഴിവ് തെളിയിച്ചു. 2021-ൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ ‘ഓപ്പറേഷൻ ജാവ’യിൽ അൽഫോൺസ എന്ന മമിതയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സൂപ്പർ ശരണ്യ’യിലെ സോന എന്ന കഥാപാത്രവും യുവ പ്രേക്ഷകർക്കിടയിൽ മമിതയെ ശ്രദ്ധേയയാക്കി.
നസ്ലെന്റെ നായികയായി എത്തിയ റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിലെ റീനു എന്ന കഥാപാത്രമാണ് മമിതയെ താരപദവിയിലേക്ക് ഉയർത്തിയത്.ആധുനിക ബന്ധങ്ങളെ രസകരമായി അവതരിപ്പിച്ച ‘പ്രേമലു’ 25 ദിവസത്തിനുള്ളിൽ 85 കോടി രൂപയിലധികം നേടി മലയാളത്തിലെ വലിയ വിജയങ്ങളിലൊന്നായി മാറി. ഈ ചിത്രത്തിലൂടെയാണ് മമിത യുവാക്കളുടെ ഇഷ്ടതാരമായി മാറിയത്.
പ്രേമലുവിൽ മമിതയുടെ പ്രതിഫലം 60 ലക്ഷമായിരുന്നു. പിന്നീട് തമിഴിലേക്ക് ചേക്കേറിയ മമിത തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഇറങ്ങിയ പ്രദീപ് രംഗനാഥനൊപ്പമുള്ള പുതിയ ചിത്രമായ ‘ഡ്യൂഡി’ന് ശേഷം നമിത തന്റെ പ്രതിഫലം 15 കോടിയാക്കി ഉയർത്തി എന്നുള്ള അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ്
അടുത്തിടെ വന്ന 15 കോടി പ്രതിഫലം എന്നെ വളരെയധികം ഞെട്ടിച്ച ഒരു ഗോസിപ്പായിരുന്നുവെന്ന് പറയുകയാണ് മമിത. ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ‘ ഓരോരുത്തർ അവർക്ക് തോന്നുന്നത് ഇങ്ങനെ പ്രചരിപ്പിക്കും. അതിന്റെ താഴെ കുറെ കമന്റും വരും. ഇവൾ ആരാ ഇത്രയൊക്കെ വാങ്ങാൻ എന്നൊക്കെയാണ് ചോദ്യങ്ങൾ. വെറുതെ ആരുടെയോ മനസിൽ തോന്നുന്ന കാര്യം, അതിന്റെ പഴി മൊത്തം എനിക്കും.ഏതൊക്കെ സിനിമ വിജയിച്ചാലും ഞാൻ ഞാൻ തന്നെയാണ്. നമ്മളെ ഗ്രൗണ്ടഡ് ആയി നിർത്തുന്നത് ഫാമിലിയും ഫ്രണ്ട്സുമൊക്കെയാണ്. സെലിബ്രിറ്റിയായി എന്ന ചിന്ത വരുമ്പോഴേക്കും സുഹൃത്തുക്കളൊക്കെ ചില ട്രോളും മീമും അയച്ച് തരും. അപ്പോൾ ബോധ്യപ്പെടും, നമ്മളൊന്നും എവിടേയും പോയിട്ടില്ലെന്ന്. തമാശ പറഞ്ഞതാണെങ്കിലും കരിയർ വൈസ് മാത്രമാണ് മാറ്റം വന്നത്. അല്ലാതെ വ്യക്തിപരമായി യാതൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഞാൻ എന്റെ ഉറ്റസുഹൃത്തുമായ പുറത്ത് പോയ ചായ കുടിക്കാറുണ്ട്. മുൻപും ചെയ്തിരുന്ന കാര്യമാണ്.
പ്രേമലു 2 വിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്ന് അറിയില്ല. എന്നേയും അത് സംബന്ധിച്ച് അപ്ഡേറ്റ് ചെയ്തിട്ടില്ല. ഔദ്യോഗികമായി എന്തെങ്കിലും അറിയിപ്പ് വന്നാലെ അതിനെ കുറിച്ച് പ്രതികരിക്കാൻ പറ്റൂ’, താരം വ്യക്തമാക്കി.