29 in Thiruvananthapuram

കളം പിടിക്കാന്‍ സൗദിയും യുഎഇയും ഇനിയും കാത്തിരിക്കണം: റഷ്യ പോയില്ല, യുഎസ് വരികയും ചെയ്തു…

Posted by: TV Next August 3, 2025 No Comments

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തുടരാനുള്ള തീരുമാനത്തില്‍ ഇന്ത്യ. സർക്കാറുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ തീരുമാനത്തില്‍ പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ലെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി

ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതിക്ക് 25% തീരുവ ഏര്‍പ്പെടുത്തുന്നതിനു പുറമേ, റഷ്യന്‍ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് ഇന്ത്യക്കെതിരെ അധിക ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് കേട്ടതായും ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് നിഷേധിക്കുകയാണ്.

റഷ്യയുമായി ഉള്ളത് ദീര്‍ഘകാല എണ്ണ കരാറുകളായതിനാല്‍ തന്നെ പെട്ടെന്ന് ഒരു ദിവസം അവ വാങ്ങുന്നത് നിർത്താനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ആഗോള എണ്ണവിലയില്‍ വന്‍ വര്‍ധന ഒഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും എണ്ണവില നിയന്ത്രണത്തിലാണ്. ഇറാന്‍, വെനസ്വേലന്‍ എണ്ണകള്‍ക്ക് വിപരീതമായി, റഷ്യന്‍ ക്രൂഡ് ഓയിലിന് നേരിട്ടുള്ള ഉപരോധങ്ങളില്ല. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച വില പരിധിക്ക് താഴെ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടെന്നും സർക്കാർ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യയുടെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 35% നിലവി്‍ റഷ്യയില്‍നിന്നാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യ ദിവസേന ശരാശരി 1.75 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1% കൂടുതലുമാണ്.

ട്രംപിന്റെ ഭീഷണികള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ തടയുന്നില്ലെങ്കിലും, ജൂലൈ മാസത്തില്‍ റഷ്യന്‍ എണ്ണയ്ക്ക് 2022-ല്‍ മോസ്കോയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കിഴിവ് ലഭിച്ചതിനാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, മംഗലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് എന്നിവ കഴിഞ്ഞ ആഴ്ചയോടെ റഷ്യന്‍ ക്രൂഡ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍.

റഷ്യന്‍ എണ്ണ ഭീമനായ റോസ്നെഫ്റ്റ് ഉള്‍പ്പെടെയുള്ള റഷ്യന്‍ സ്ഥാപനങ്ങള്‍ ഭൂരിപക്ഷ ഉടമസ്ഥതയുള്ള നയാറ എനര്‍ജി എന്ന റിഫൈനറി, റഷ്യന്‍ എണ്ണയുടെ ഇന്ത്യയിലെ പ്രധാന വാങ്ങല്‍ക്കാരനാണ്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്റെ പുതിയ ഉപരോധങ്ങളെ തുടര്‍ന്ന് നയാറ എനര്‍ജിയുടെ ചീഫ് എക്സിക്യൂട്ടീവ് അടുത്തിടെ രാജിവെച്ചു. കൂടാതെ, നയാറ എനര്‍ജിയില്‍നിന്നുള്ള എണ്ണ ഉല്‍പ്പന്നങ്ങളുമായി മൂന്ന് കപ്പലുകള്‍ ഇനിയും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും റോയിട്ടേഴ്സ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വരവില്‍ കുറവ് ഉണ്ടാകുകയാണെങ്കില്‍ അത് പരമ്പരാഗത ഇടപാടുകാരായ സൌദിയും യു എ ഇയും ഇറാഖുമൊക്കെ അടങ്ങുന്ന അറബ് രാഷ്ട്രങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് പകരം അമേരിക്കയില്‍ നിന്നുമാണ് ഇന്ത്യ അടുത്തകാലത്തായി തങ്ങളുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വലിയ തോതില്‍ വർധിപ്പിച്ചിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും.

അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി മുന്‍ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെയാണ് വർധിച്ചത്. “ജനുവരി മുതൽ ജൂൺ 25 വരെ, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യ യുഎസ് ശരാശരി ക്രൂഡ് വിതരണത്തിന്റെ ഇറക്കുമതി 51 ശതമാനം വർദ്ധിപ്പിച്ചു. (2025 ജനുവരിയിൽ .271 mb/d മുതൽ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 0.18 mb/d വരെ).” – സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ഇറക്കുമതിയിൽ വർധനവുണ്ടാകുകയും, റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് അറബ് രാഷ്ട്രങ്ങളുടെ വിഹിതം കുറയ്ക്കാന്‍ ഇടയാക്കും. മറിച്ച് റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിർത്തിവെക്കുകയാണെങ്കില്‍ ഇന്ത്യക്ക് പഴയ പ്രതാപികളെ വീണ്ടും ആശ്രയിക്കേണ്ടി വരും. ആ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന് അറിയാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം.